മൂന്നാം ബലാല്‍സംഗക്കേസിൽ അറസ്റ്റിലായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. രാഹുലിനെ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കും. അറസ്റ്റ് എതിക്സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കർ. മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാംപിലെത്തിക്കുകയായിരുന്നു.
ക്രൂരമായ പീഡനവും ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്രെ അറസ്റ്റ്. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ദേഹത്ത് മുറിവേല്‍പ്പിക്കല്‍, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ചൂഷണം, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവരശേഖരണം നടത്തിയശേഷമായിരുന്നു അതീവരഹസ്യമായി പാലക്കാട്ടെ ഹോട്ടലില്‍നിന്ന് രാത്രി പന്ത്രണ്ടരയോടെ രാഹുലിനെ എസ്ഐടി കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് പത്തനംതിട്ട എ.ആര്‍.ക്യാംപില്‍ എത്തിച്ചു. അന്വേഷണസംഘമേധാവി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ രാഹുലിനെ ചോദ്യം ചെയ്യുകയാണ്. യുവതിയുമായുള്ള ബന്ധം ചോദ്യംചെയ്യലില്‍ രാഹുല്‍ സമ്മതിച്ചു. അതിക്രൂരമായ പീഡനത്തിന്റെ വിശദാംശങ്ങളും ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനാ ഫലവും ഉള്‍പ്പടെയാണ് യുവതി പരാതി നല്‍കിയത്. 2024 ഏപ്രിലില്‍ പത്തനംതിട്ടയില്‍വച്ചായിരുന്നു പീഡനം. ഗര്‍ഭിണിയെന്ന് അറിയിച്ചപ്പോള്‍ അപമാനിച്ചുവെന്നും ഇതില്‍ മനംനൊന്താണ് ഡി.എന്‍.എ പരിശോധന നടത്തിയതെന്നും പരാതിയിലുണ്ട്. വിദേശത്തുള്ള യുവതി ആറുദിവസം മുന്‍പാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. വീഡിയോ കോള്‍ വഴി മൊഴിയെടുത്തശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനായും ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം. വിദേശത്തുള്ള യുവതി മൊഴിനല്‍കാന്‍ ഉടന്‍ നാട്ടിലെത്തും.