ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേ വിശ്വാസവഞ്ചന , വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിർമ്മാണത്തിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ അധികാരി നടത്തുന്ന വിശ്വാസവഞ്ചന എന്ന കുറ്റവും വിലപ്പെട്ട രേഖകളുടെ വ്യാജരേഖ നിർമ്മാണവും ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

2019 മേയില്‍ കട്ടിളപ്പാളികൾ ശബരിമല ശ്രീകോവിൽ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നൽകി എന്നതാണ് എസ്ഐടിയുടെ കണ്ടെത്തൽ. കട്ടിള പാളികൾ ഇളക്കുന്ന സമയത്തും ഒരു മാസത്തിനു ശേഷം അവ തിരികെ സ്ഥാപിക്കുന്ന സമയത്തും കണ്ഠര് രാജീവർ സന്നിധാനത്ത് ഉണ്ടായിരുന്നു. ആചാരലംഘനം നടക്കുന്നു എന്ന് ബോധ്യമായിട്ടും തടഞ്ഞില്ല. ഇത് ഉണ്ണികൃഷ്ണൻ പോറ്റിയും ആയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്ഐടി വാദിക്കുന്നു. 

രണ്ടു പതിറ്റാണ്ടിന്‍റെ സൗഹൃദമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളതെന്ന് തന്ത്രി വെളിപ്പെടുത്തിയിരുന്നു. തന്ത്രിയുടെ സഹായിയാണ് പോറ്റി ശബരിമലയിലേക്ക് എത്തിയത്. പിന്നീട് ഇടനിലക്കാരനായി നിന്ന് സ്വര്‍ണക്കൊള്ളയിലെത്തുകയായിരുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവര്‍ ജയിലില്‍. തിരുവനന്തപുരം സ്പെഷല്‍ സബ്ജയിലിലാണ് തന്ത്രിയെ എത്തിച്ചത്. കുടുക്കിയതാണോയെന്ന ചോദ്യത്തോട്, അതെ ഉറപ്പെന്നായിരുന്നു തന്ത്രിയുടെ മറുപടി. കേസില്‍ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചോദ്യത്തിന് ശേഷം ഉച്ചയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണക്കൊള്ളയില്‍ പത്മകുമാര്‍  പറഞ്ഞ ദൈവതുല്യന്‍ തന്ത്രിയാണെന്ന വാദം ബലപ്പെടുകയാണ്. 

ENGLISH SUMMARY:

Sabarimala Thantri Kandararu Rajeevararu has been remanded in the gold theft case. Facing charges of criminal conspiracy and breach of trust, the Thantri could face life imprisonment. SIT alleges his direct involvement in the illicit removal of temple sanctum parts.