thanthri-jail

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് ജയിലഴിക്കുള്ളില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ശബരിമലയിലെ ഏറ്റവും പ്രധാനിയായ തന്ത്രിയെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയ്ക്ക് മൗനാനുവാദം കൊടുത്ത തന്ത്രി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി കോടതിയില്‍ അറിയിച്ചത്.

സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തുടങ്ങിയതിന്‍റെ 88–ാം ദിവസം കേരളം ‍ഞെട്ടിയത് തന്ത്രി അറസ്റ്റിലാകുന്ന കാഴ്ച കണ്ടാണ്. രാവിലെ 11 മണിയോടെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത എസ്ഐടി മൂന്ന് മണിയോടെ കട്ടിളപ്പാളിക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയില്‍ നിന്ന് സ്വര്‍ണം കട്ടതിന് അയ്യപ്പന്‍റെ പിതൃതുല്യനെന്ന് കരുതുന്ന തന്ത്രി അറസ്റ്റിലായി. 

സ്വര്‍ണക്കൊള്ളക്ക് മൗനാനുവാദം, ഒത്താശ, ഗൂഡാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്വര്‍ണം പൂശാനായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കട്ടിളയിലെ സ്വര്‍ണത്തകിടുകള്‍ കൊണ്ടുപോയത് താന്ത്രിക നടപടികള്‍ പാലിക്കാതെയും ആചാരപ്രകാരമുള്ള അനുമതി വാങ്ങാതെയുമാണ്. ഇക്കാര്യം അറിഞ്ഞിട്ടും അത് തടയാനോ വിവരം ദേവസ്വം ബോര്‍ഡിനെ അറിയിക്കാനോ തന്ത്രി തയാറായില്ല. സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന ചട്ടം ലംഘിച്ചതും തന്ത്രി അറിഞ്ഞു. കട്ടിളപ്പാളികള്‍ തിരികെ സ്ഥാപിച്ചപ്പോളും തന്ത്രി സാക്ഷിയായിരുന്നു.

തന്ത്രി കൊള്ളക്ക് മൗനാനുവാദം നല്‍കിയെന്നും, ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കൊല്ലം വിജിലന്‍സ് കോടതി മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കിയതോടെ തന്ത്രിയെ റിമാന്‍ഡ് ചെയ്തു. അങ്ങിനെ വിശ്വാസവും ആചാരവുമനുസരിച്ച് ശബരിമലയിലെ ഏറ്റവും ഉന്നതന്‍, പതിറ്റാണ്ടുകളായി ശബരിമലയുടെ മുഖമായി വിശ്വാസികള്‍ കണ്ടിരുന്ന രാജീവര് പൂജപ്പുര ജയിലില്‍.

ENGLISH SUMMARY:

Sabarimala gold theft case leads to the arrest of the Tantri. The arrest revolves around allegations of conspiracy and silent consent to the theft of gold from the temple premises.