വർഗീയതയെ എതിർത്ത് പറയുമ്പോൾ അത് ഏതെങ്കിലും മതവിഭാഗത്തിനെതിരെയല്ല പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആർഎസ്എസിനെതിരെ പറയുമ്പോൾ ഹിന്ദുക്കളെയോ, ജമാഅത്തെ ഇസ്ലാമിക്കെതിരെയോ എസ്ഡിപിഐക്കെതിരെയോ പറയുമ്പോൾ മുസ്ലിങ്ങളെയോ അല്ലല്ലോ എതിർക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.
എല്ലാ മതവിഭാഗങ്ങളിലുമുള്ള മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. മതനിരപേക്ഷത ശക്തിപ്പെടുത്തിയാലേ വർഗീയതയെ നേരിടാനാകൂ. അപരമതവിദ്വേഷം വളർത്തുന്നവരെ തുറന്നുകാണിക്കണം.
നാട്ടിൽ മതനിരപേക്ഷതയും സമാധാനവും പുലരുക എന്നത് പ്രധാനമാണ്. യുഡിഎഫിന്റെ നിലപാടുകളുടെ ഭാഗമായാണ് കേരളത്തിൽ വർ ഗീയപ്രശ്നങ്ങൾ ആളിക്കത്തുന്ന നിലയുണ്ടായത്. വർഗീയസംഘർഷങ്ങളെ നേരിടുന്നതിൽ കൃത്യതയാർന്ന നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല. വർഗീയശക്തികൾ കേരളം വിട്ടുപോയിട്ടൊന്നുമില്ല.
പക്ഷേ, അവർക്ക് ഇപ്പോൾ അഴിഞ്ഞാടാൻ കഴിയുന്നില്ല. വർഗീയശക്തികൾ തലപൊക്കാൻ ശ്രമംനടത്തിയാൽ കർശനമായ നടപടികളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സർക്കാരിന്റെ രീതി. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലെ വ്യത്യാസമെന്നും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന്‍റെ വിഡിയോ കൂടി പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.