കോഴിക്കോട് കുതിരവട്ടത്തുനിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി രക്ഷപ്പെട്ടത് ദീര്‍ഘദൂര ചരക്ക് ലോറിയിലാകാമെന്ന് നിഗമനം. നഗരത്തിലെ സിസിടിവിയില്‍ നിന്ന് വിനീഷിന്‍റെ അവ്യക്തമായ രൂപം കണ്ടെത്തി. അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുവെന്ന് ഉറപ്പായെങ്കിലും ഏത് സംസ്ഥാനമെന്ന് കൃത്യമായി കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ശുചിമുറിയുടെ ചുമര്‍ തുരന്ന് ചുറ്റുമതില്‍ ചാടികടന്ന് രക്ഷപ്പെട്ട വിനീഷ് നഗരത്തില്‍ പല ഭാഗത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. 183 സിസിടിവികളാണ് ഇതിനായി പരിശോധിച്ചത്. എന്നാല്‍ വിനീഷ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തോ ബസ് സ്റ്റാന്‍ഡ് പരിസരത്തോ എത്തിച്ചേര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ രക്ഷപ്പെട്ടത് ഇതരസംസ്ഥാനത്തെ ഏതെങ്കിലും ചരക്കുലോറിയിലാകാം എന്നാണ് നിഗമനം.
രക്ഷപ്പെട്ടപ്പോള്‍ ഷര്‍ട്ട് ധരിച്ചിട്ടില്ലെങ്കിലും എവിടെ നിന്നെങ്കിലും വസ്ത്രം മോഷ്ടിച്ചിട്ടുണ്ടാകും. ചാടിപോയിട്ട് എട്ട് ദിവസം ആയതിനാല്‍ ഏറെ ദൂരം താണ്ടാനാണ് സാധ്യത. 2022ല്‍ ആദ്യം കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ടപ്പോള്‍ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്. അതിനാല്‍ അവിടെ പ്രത്യേക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മംഗലാപുരത്തിന് പുറമെ കോയമ്പത്തൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നാല് സംഘങ്ങളായി തിരഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
2021ല്‍ പ്രണയ അഭ്യർത്ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിയായ ദൃശ്യയെ കുത്തികൊലപ്പെടുത്തിയ പ്രതി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.