പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനുള്ളില്‍ കോട്ടണ്‍ തുണി. രക്തസ്രാവം തടയാന്‍ വച്ച തുണി പുറത്തെടുത്തില്ലെന്നാണ് ആരോപണം. 75 ദിവസത്തിനുേശഷം തുണി തനിയെ പുറത്തേക്ക് വന്നു. മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജിന്‍റെ ചികില്‍സാപ്പിഴവാണ് സംഭവത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ മന്ത്രി ഒ.ആര്‍.കേളുവിനും പൊലീസിനും കുടുംബം പരാതി നല്‍കി.
ഒക്ടോബര്‍ 20 തിനാണ് മാനന്തവാടി പാണ്ടക്കടവ് സ്വദേശിയായ 21 കാരിയുടെ പ്രസവം നടന്നത്. 25 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വയറിന് വേദന വന്നു. മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കണ്ടപ്പോള്‍ വെള്ളം കുടിക്കാത്തതിന്‍റെ പ്രശ്നമാണെന്നായിരുന്നു മറുപടി. വീണ്ടും വേദന ഉണ്ടായപ്പോള്‍ ഡോക്ടറെ കണ്ടെങ്കിലും സ്നകാനിങ് വേണ്ടെന്ന് പറഞ്ഞ് വിശദപരിശോധന നടത്താതെ പറഞ്ഞയച്ചു എന്നാണ് യുവതിയും അമ്മയും പറയുന്നത്.
ഡിസംബര്‍ 29 നാണ് തുണി പുറത്തുവന്നത്. ഈ സമയം ദുര്‍ഗന്ധമുണ്ടായി. രക്തസ്രാവം തടയാന്‍ വെയ്ക്കുന്ന തുണി പുറത്തെടുക്കാത്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സാധാരണ പ്രസവമായിരുന്നു യുവതിയുടേത്.
പ്രസവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് ശരീരത്തില്‍ നിന്നും കോട്ടണ്‍ തുണി പുറത്തേക്ക് വരുന്നത്. ഇതിനിടയില്‍ രണ്ടു തവണ ഡോക്ടറെ കണ്ടെങ്കിലും വേണ്ട പരിശോധന നടത്താത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്.