• തൊണ്ടി മുതലിലെ കൃത്രിമത്വത്തില്‍ അച്ചടക്കനടപടിക്ക് നീക്കം
  • ആന്‍റണി രാജുവിന്‍റെ നടപടി നാണക്കേടെന്ന് ബാര്‍ കൗണ്‍സില്‍
  • ബാര്‍ കൗണ്‍സില്‍ അച്ചടക്കസമിതി പരിശോധിക്കും

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. വിഷയം ബാർ കൗൺസിലിന്റെ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒന്‍പതിനാണ് വിഷയം പരിഗണിക്കുക. 

നടപടികളുടെ ഭാഗമായി ആന്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. ആന്റണി രാജുവിന്റെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗൺസിലിന്റെ വിലയിരുത്തൽ. കേസിൽ മൂന്നുവർഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.

അതേസമയം, തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്‍റണി രാജുവിന്റെ നിയമസഭാ അംഗത്വം രാജിവയ്ക്കാനുള്ള നീക്കം പാളി. കോടതി ഉത്തരവോടെ അയോഗ്യനാക്കപ്പെട്ടതിനാല്‍ രാജിവയ്ക്കുന്നത് സാധ്യമല്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ഔദ്യോഗിക വിജ്‍ഞാപനം ഇറങ്ങുക മാത്രമാണ് ഇനിയുള്ള നടപടിക്രമം.

തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ മജിസ്ടേറ്റ് കോടതി 3 വര്‍ഷം തടവിന് വെള്ളിയാഴ്ചയാണ് ആന്‍റണി രാജുവിനെ ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്ന ശിക്ഷ വലിയ തിരിച്ചടിയാണ് ആന്‍റണി രാജുവിനും ഇടതുമുന്നണിക്കും നല്‍കിയത്. അയോഗ്യനാക്കിക്കൊണ്ടുള്ള നിയമസഭാ സെക്രട്ടറിയേറ്റിന്‍റെ വിജ്ഞാപനം ഇറങ്ങും മുന്‍പ് സ്വയം രാജിവെച്ച് ഒഴിഞ്ഞ് നാണക്കേട് കുറയ്ക്കാനാണ് ആന്‍റണി രാജു ലക്ഷ്യമിട്ടത്. 

എന്നാല്‍ കോടതി ഉത്തരവോടുകൂടി തന്നെ ആന്‍റണി രാജു അയോഗ്യനാക്കപ്പെട്ടെന്നാണ് സ്പീക്കറുടെ ഓഫീസ് സൂചിപ്പിക്കുന്നത്. അയോഗ്യനായ എം.എല്‍.എ യ്ക്ക് രാജി വെയ്ക്കാനോ സ്പീക്കറുടെ ഓഫീസിന് രാജി സ്വീകരിക്കാനോ കഴിയില്ല. അയോഗ്യനാക്കിയുള്ള വിജ്‍ഞാപനം വരുന്നതിന് പിന്നാലെ ആന്‍റണി രാജു മേല്‍ക്കോടതിയെ സമീപിക്കും.

ENGLISH SUMMARY:

The Bar Council is set to initiate disciplinary proceedings against former minister and advocate Antony Raju, who was convicted in a case involving tampering with case property. The matter will be examined by the Bar Council’s Disciplinary Committee. A three-member committee is scheduled to consider the issue on the ninth of this month.