മകരവിളക്ക് കാലത്തെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ അരവണയുടെ കരുതൽ ശേഖരമൊരുക്കാൻ ദേവസ്വം ബോർഡിനായില്ല. ഓരോ ദിവസവും ലക്ഷത്തിലേറെ തീർഥാടകർ ദർശനത്തിനെത്തുമ്പോഴും പതിമൂന്നര ലക്ഷം ടിൻ അരവണ മാത്രമാണ് കരുതലായുള്ളത്. ഒരു തവണ ഇരുപത് ടിൻ എന്ന മട്ടിലുള്ള അരവണ വിതരണത്തിലെ നിയന്ത്രണം തുടരാനാണ് നിർദേശം.
ഒരാൾക്ക് എന്തിന് 20 ബോട്ടിൽ അരവണ. വേണ്ടത്ര വിതരണം ചെയ്യുന്നുണ്ടല്ലോ എന്ന് തോന്നിയാൽ സ്വാമിമാർക്ക് മറുപടിയുണ്ട്. കന്നി അയ്യപ്പൻമാരും മാളികപ്പുറങ്ങളും ഒരുമിച്ച് ദർശനത്തിന് എത്തുമ്പോൾ മുതിർന്നവർ തന്നെ പ്രസാദം വാങ്ങണം. വേണ്ടത്ര അളവിൽ പ്രസാദം കിട്ടാതെ വരുമ്പോൾ തിരക്കിനിടയിൽ വീണ്ടും പിന്നാലെ എത്തി വരിനിൽക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സ്വാമിമാർക്ക് ഇത് കൂടുതൽ പ്രതിസന്ധിയാവും.
മണ്ഡലകാല തീർഥാടനത്തിനായി നട തുറക്കുമ്പോൾ 45 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ടായിരുന്നു. മണ്ഡലകാലത്ത് എത്തിയ അത്രയും തീർഥാടകർ മകരവിളക്കിനു കുറഞ്ഞ ദിവസത്തിനുള്ളിൽ എത്തുമെന്നാണ് കണക്ക് കൂട്ടൽ. ഇത് പ്രസാദ വിതരണ പ്രതിസന്ധിക്കിടയാക്കും. പ്രതിദിനം 2.80 ലക്ഷം ടിൻ അരവണയാണ് ഉൽപാദിപ്പിക്കാൻ കഴിയുന്നത്. കൂടുതൽ അടുപ്പുകൾ സ്ഥാപിച്ച് അരവണ നിർമാണം കൂട്ടാൻ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. മണ്ഡലകാലത്തെ ശബരിമലയുടെ വരുമാനത്തിൽ കൂടുതൽ നേട്ടമുണ്ടായത് അരവണ വിൽപ്പന വഴിയാണ്. വേണ്ടുവോളം വിതരണത്തിന് കഴിയാത്ത സാഹചര്യത്തിൽ സ്വാമിമാരെ മാത്രമല്ല ബോർഡിനെയും പ്രയാസത്തിലാക്കും.