TOPICS COVERED

മനുഷ്യനന്മയ്ക്കായുള്ള മികച്ച  മാധ്യമ ഇടപെടലുകൾ നടത്തിയവർക്ക് മലപ്പുറം പ്രസ് ക്ലബ് നൽകുന്ന മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിന്. 30000 രൂപയാണ് പുരസ്കാരത്തുക. ജനുവരി അഞ്ചിന് വൈകിട്ട് 5.30 തിന് മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ ശശി തരൂർ എംപി പുരസ്കാരം സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, മംഗലം ഗോപിനാഥ് എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.  

സാമൂഹികനന്മയ്ക്കായുള്ള പദ്ധതികൾക്കുംകേരളത്തിന്റെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയ പരമ്പരകൾക്കും സെമിനാറുകൾക്കും നൽകിയ നേതൃത്വംമുൻനിർത്തിയാണ് പുരസ്കാരം. 1975 ൽ മലയാള മനോരമയിൽ ചേർന്ന അദ്ദേഹം ദൈനംദിന മാധ്യമ പ്രവർത്തനത്തിനു പുറമെ, മനോരമ നടപ്പാക്കിയ പ്രത്യേക പദ്ധതികളുടെ ചുമതലയും നിർവഹിച്ചു. മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കിയ 'പലതുള്ളി', പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിന് വേരോട്ടം നൽകിയ 'ഞങ്ങളുണ്ട് കൂടെ', റോഡ് സുരക്ഷാ ബോധവത്‌കരണത്തിന് നടപ്പാക്കിയ 'വഴിക്കണ്ണ്' എന്നിവ അവയിൽ ചിലതാണ്.

മലപ്പുറം പ്രസ് ക്ലബിന്റെ പ്രസിഡന്റും ആദ്യ സെക്രട്ടറിയുമായിരുന്നു മാത്യു മണിമല. പ്രസ് ക്ലബ് രൂപീകരണത്തിന് നേതൃത്വം വഹിച്ച  മാത്യു മണിമല മലപ്പുറത്തെ മലയാള മനോരമയുടെ ആദ്യ ബ്യൂറോ ചീഫും ആയിരുന്നു. മലബാറിലെ കുടിയേറ്റ കർഷകരുടെ പ്രശ്‌നങ്ങൾ വാർത്തകളിലൂടെ അധികാരികളുടെ മുമ്പാകെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. രാജസ്ഥാനിലെ മലയാളി നഴ്‌സുമാരുടെ അനുഭവങ്ങളും ദുരിതങ്ങളും നേരിൽ കണ്ടെഴുതി. ക്യാപ്റ്റൻ ലക്ഷ്‌മിയുമായി നടത്തിയ അഭിമുഖ പരമ്പരയും ശ്രദ്ധ നേടിയിരുന്നു. കുപ്രസിദ്ധി നേടിയ കരിക്കൻവില്ല കൊലക്കേസ് വിചാരണയുടെ വാർത്തകൾ കോടതി റിപ്പോർട്ടിങ്ങിന് പുതിയ രീതിക്ക് തുടക്കമിട്ടു. ക്രൈസ്‌തവ സഭകളുമായി ബന്ധപ്പെട്ട വാർത്തകളും അഭിമുഖങ്ങളുമാണ് അദ്ദേഹത്തിൻ്റെ മറ്റൊരു മുഖ്യ സംഭാവന. 

ENGLISH SUMMARY:

Mathews Varghese Award is conferred to Mathews Varghese, former Editorial Director of Malayala Manorama, by the Malappuram Press Club for his contributions to humanity through media interventions. The award recognizes his leadership in social welfare projects and his role in shaping Kerala's developmental vision.