പെരുന്നയിലെ മന്നം ജയന്തി ആഘോഷവേദിയിൽ രാഷ്ട്രീയ നേതാക്കളെ മുഖ്യാതിഥിയാക്കാതെ എൻഎസ്എസിൻ്റെ സമദൂര പ്രഖ്യാപനം. മുഖ്യാതിഥികളായി മുൻപ് വിളിച്ച ചില രാഷ്ട്രീയ നേതാക്കൾക്ക് 'മന്നം' എന്ന് പറയാൻ പോലും അറിയില്ലായിരുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമദൂര നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി.
രാവിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന മന്നം ജയന്തി സമ്മേളനത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷനംഗം ഡോ.സിറിയക് തോമസായിരുന്നു ഉദ്ഘാടകൻ. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷകനായി. ജനങ്ങളുടെ തൃപ്തിക്ക് വേണ്ടി പേരും പെരുമയുമുള്ള രാഷ്ട്രീയ നേതാക്കളെ മുഖ്യാതിഥിയായി വിളിക്കുന്നത് നിർത്തിയെന്നും രാഷ്ട്രീയം ഉപേക്ഷിച്ചെന്നും ജി.സുകുമാരൻ നായർ. മുൻ വർഷത്തെ ഉദ്ഘാടകനായിരുന്ന രമേശ് ചെന്നിത്തലയെ സദസ്സിലിരുത്തിയായിരുന്നു സുകുമാരൻ നായരുടെ തുറന്ന പ്രഖ്യാപനം.
രാഷ്ട്രീയത്തോട് വെറുപ്പില്ല. ശരിദൂരനിലപാട് അയപ്പസംഗമത്തിൽ മാത്രമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ആവർത്തിച്ചു. രാജീവ് ചന്ദ്രശേഖർ, പി.ജെ.കുര്യൻ, കെ.ബി.ഗണേഷ് കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ചടങ്ങിനെത്തി.