കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി നാലുദിവസമായിട്ടും കാണാമറയത്ത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷിനെയാണ് പിടികൂടാൻ കഴിയാതെ പൊലീസ് വലയുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയാണ് പ്രതി ചാടി പോവാൻ കാരണം.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പ്രതി വിനിഷ് ശുചിമുറിയുടെ ചുമര് തുരന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പിറകിലെ മതിൽ ചാടി രക്ഷപ്പെട്ടത്. ഇവിടെ സിസിടിവി ഇല്ലാത്തതിനാൽ ഇയാൾ എങ്ങനെ രക്ഷപ്പെട്ടുവെന്നതിനെക്കുറിച്ച് പൊലീസിനും വിവരമില്ല. ഇതിനുമുമ്പും വിനീഷ് ഇവിടെ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. അന്ന് കർണാടകയിൽ നിന്നാണ് പിടികൂടിയത്. മോഷണവാഹനത്തിൽ കയറി രക്ഷപ്പെട്ടതോടെ അന്ന് പിടിവീഴുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഗുരുതര സുരക്ഷാ വീഴ്ചയെ തുടർന്നാണ് കഴിഞ്ഞദിവസം വിനീഷ് കടന്നുകളഞ്ഞത്.
ചികിത്സയിലുള്ള 376 അന്തേവാസികൾക്ക് സുരക്ഷയൊരുക്കാൻ ഉള്ളത് 5 സെക്യൂരിറ്റിമാർ മാത്രമാണ് കേന്ദ്രത്തിലുള്ളത്. എന്നാൽ ഷിഫ്റ്റ് പ്രകാരം ഒരേ സമയം മൂന്നു പേർ മാത്രമാണ് ഡ്യൂട്ടിക്ക് ഉണ്ടാവുക.ഫൊറൻസിക് വാർഡിൽ പ്രതികൾക്ക് സുരക്ഷ ഒരുക്കാൻ രാത്രി 2 നഴ്സുമാരും 2 പൊലീസും 2 ഗേറ്റ് കാവൽക്കരും മാത്രമാണുള്ളത്. 20 താൽകാലിക ജീവനക്കാരെ ഒരു വർഷം മുമ്പ് പിരിച്ച് വിട്ടുകയും ചെയ്തിരുന്നു.