വൻ ആഘോഷങ്ങളോടെയും അർമാദത്തോടെയും ലോകം 2026-ലേക്ക് കടന്നു. സംഭവബഹുലമായ 2025-നോട് വിടപറഞ്ഞ്, പുത്തൻ പ്രതീക്ഷകളുമായാണ് ജനം പുതുവർഷത്തെ വരവേൽക്കുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും പുതുവത്സര ലഹരി പടർന്നുകഴിഞ്ഞു.

ആഗോളതലത്തിൽ പസഫിക് സമുദ്രത്തിലെ കിരിബാസ് ദ്വീപിലാണ് 2026 ആദ്യം പിറന്നത്. തൊട്ടുപിന്നാലെ ന്യൂസീലൻഡും സിഡ്‌നിയും പുതുവർഷാഘോഷത്തിന്റെ പ്രകമ്പനത്തിൽ ആറാടി. വമ്പൻ കരിമരുന്ന് പ്രയോഗങ്ങളോടെയാണ് ഈ നഗരങ്ങൾ ജനുവരി ഒന്നിനെ എതിരേറ്റത്. ദക്ഷിണ കൊറിയയുൾപ്പെടെയുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും പുതുവർഷ ലഹരിയിലേക്ക് കടന്നു.

കേരളത്തിൽ പുതുവത്സരാഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോർട്ട് കൊച്ചി ജനസാഗരമായി മാറി. പതിവിലും വിപരീതമായി രണ്ട് പപ്പാഞ്ഞിമാരാണ് ഇത്തവണ കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിയത് എന്നത് ഈ വർഷത്തെ പ്രത്യേകതയായി. പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങോടെ കൊച്ചി ആവേശത്തിന്റെ കൊടുമുടിയിലായി. കോവളത്ത് വിദേശ വിനോദസഞ്ചാരികളടക്കം വൻ ജനക്കൂട്ടമാണ് കോവളം കടൽത്തീരത്ത് ആഘോഷങ്ങൾക്കായി ഒത്തുചേർന്നത്. കോഴിക്കോട് ബീച്ചും പരിസരപ്രദേശങ്ങളും വൈകുന്നേരം മുതൽക്കേ 'ന്യൂ ഇയർ വൈബിൽ' ആയിരുന്നു.

കേരളത്തിന് പുറത്ത് ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളും ആഘോഷങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ആയിരങ്ങളാണ് പുതുവർഷത്തെ വരവേൽക്കാൻ നഗരവീഥികളിൽ ഇറങ്ങിയത്. മ്യൂസിക് കൺസർട്ടുകളും ഡി.ജെ പാർട്ടികളും ആഘോഷങ്ങൾക്ക് മിഴിവേകി. പഴയ വർഷത്തെ കയ്പ്പും മധുരവും നിറഞ്ഞ ഓർമ്മകൾക്കപ്പുറം, കൂടുതൽ നല്ലൊരു നാളെ എന്ന പ്രതീക്ഷയുമായാണ് ലോകം 2026-ലേക്ക് കാൽവെക്കുന്നത്.

ENGLISH SUMMARY:

New Year 2026 celebrations are in full swing across the globe. People bid farewell to 2025 with its ups and downs, welcoming the new year with renewed hope and enthusiasm.