പുതുവൽസര പുലരിയിൽ ശബരീശനെ കണ്ട് വണങ്ങാൻ സ്വാമിമാരുടെ നീണ്ടനിര. ഇന്നലെ മാത്രം ഒരു ലക്ഷത്തിനോട് അടുത്ത് സ്വാമിമാർ ശബരിമല ദർശനത്തിനെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. ഇന്ന് രാവിലെയും, മരക്കൂട്ടത്തും സന്നിധാനത്തും സ്വാമിമാരുടെ നീണ്ടനിരയാണുള്ളത്. പമ്പയിലും നിലയ്ക്കലിലും നിയന്ത്രിച്ച ശേഷമാണ് സ്വാമിമാരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. അടുത്ത ദിവസങ്ങളിലെ അവധി കണക്കിലെടുക്കുമ്പോൾ ശബരിമലയിൽ തിരക്ക് ഉയരാൻ സാധ്യതയുണ്ട്.
അതേസമയം, ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരം നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾക്കുള്ള വനഭൂമിയുടെ വ്യാപ്തി അന്തിമമാക്കാനുള്ള നടപടി തുടങ്ങി. സന്നിധാനത്തും പമ്പയിലും മരക്കൂട്ടത്തും, സ്വാമിമാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യം നിർവഹിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ് പ്രധാനം. ഇത്തവണത്തെ തീർഥാടനകാലം കഴിഞ്ഞാലുടൻ നിർമാണ പ്രവൃത്തികൾ തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
വനഭൂമി ഏറ്റെടുക്കുമ്പോൾ പകരമായി റവന്യൂ ഭൂമി അനുവദിക്കുന്ന മട്ടിലാവും വികസനത്തിനുള്ള മണ്ണ് കണ്ടെത്തുന്ന നടപടി. മരക്കൂട്ടത്തിനും, സന്നിധാനത്തിനുമിടയിൽ സ്വാമിമാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യം നിർഹിക്കുന്നതിനും കൂടുതൽ സൗകര്യമൊരുക്കും. കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് പരിസ്ഥിതി സൗഹൃദ മട്ടിൽ കൂടുതൽ ഉപകാരപ്രദമായ ഇടങ്ങളാക്കും. ശുദ്ധജല വിതരണ കിയോസ്കുകൾ, ഭക്ഷണശാല, ആരോഗ്യ കേന്ദ്രങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഇടങ്ങൾ. ഈ മട്ടിൽ മുൻഗണനാ ക്രമത്തിൽ പദ്ധതിയുടെ രൂപരേഖ തയാറാക്കും. കഴിഞ്ഞദിവസം വനം മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങൾ നടത്തിയ ചർച്ചയിലാണ് നിർണായക നിർദേശങ്ങൾ ഉയർന്നത്.
വനഭൂമി ഏറ്റെടുത്ത് ബഹുനില കെട്ടിടങ്ങൾ നിർമിക്കാനല്ല. സ്വാമിമാരുടെ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി ഉറപ്പിക്കുകയാണ് ബോർഡിന്റെ ലക്ഷ്യം. ശബരിമലയിലെ ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീർഥാടനകാലം പൂർത്തിയാകുന്ന മുറയ്ക്ക് വനഭൂമിക്കായുള്ള സംയുക്ത പരിശോധന തുടങ്ങും. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതിയിൽ വേഗത്തിൽ നടപ്പാക്കേണ്ടത് സംബന്ധിച്ച് പഠിക്കാൻ ബോർഡ് നിയോഗിച്ചിട്ടുള്ള സംഘത്തിന്റെ റിപ്പോർട്ടും ഇതിനകം ലഭിക്കും. മാസ്റ്റർ പ്ലാൻ നടത്തിപ്പിന് പ്രധാന തടസമായി തുടരുന്ന വനഭൂമി അനുവദിക്കുന്നതിലൂടെ ശബരിമലയിൽ വികസന വേഗം വരും.