ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്ഐടി നീക്കം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം കേന്ദ്രീകരിച്ചാണ് നടപടി . പോറ്റിയുമായി അടൂര്‍ പ്രകാശിനു അടുപ്പമുണ്ടെന്നു എസ്.ഐ.ടി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തന്നെ ചോദ്യം ചെയ്യുമെന്നത് തെറ്റായ വാര്‍ത്തയെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. എസ് ഐ ടി നോട്ടീസ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ എസ്.ഐ.ടി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കൊള്ള തനിക്ക് അറിവും പങ്കുമില്ലാത്ത കാര്യമാണെന്നും അന്വേഷണസംഘം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘത്തോട് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമേ കടകംപള്ളിയെ ഇനിയും ചോദ്യം ചെയ്യണോ എന്നതില്‍ തീരുമാനം എടുക്കുകയുള്ളൂ. എന്‍.വാസുവിന്‍റെയും പത്മകുമാറിന്‍റെയും മൊഴികള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്.
Also Read: കടകംപള്ളിയുടെ അറസ്റ്റ് മുന്നില്‍ കണ്ട് സിപിഎം; തെറ്റുകാരനാണെന്ന് പറയാനാകില്ലെന്ന് പാര്‍ട്ടി
ഇതിനിടെ ര്‍ണക്കൊള്ള സംബന്ധിച്ച ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് ഡി മണിയും സുഹൃത്തുക്കളും രംഗത്തെത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് വിദേശ വ്യവസായി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഡി മണിയും സഹായികളാമായ ബാലമുരുകൻ ശ്രീകൃഷ്ണൻ എന്നിവർ എസ്ഐടിക്ക് മൊഴി നൽകിയത്. ശബരിമലയുമായി ഒരു ഇടപാടും നടത്തിയിട്ടില്ല എന്നാണ് മൊഴി. കേരളത്തിൽ ബിസിനസ് സൗഹൃദങ്ങൾ ഇല്ല. തമിഴ്നാട് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും മൊഴി നൽകി. എന്നാൽ ഡിമണിയുടെ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പത്തു വർഷത്തിനിടെ വലിയ സാമ്പത്തിക വളർച്ചയാണ് ഡി മണിക്കുണ്ടായതെന്ന് വ്യക്തമായതോടെയാണ് പരിശോധന. ഇതിനുശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.