kadakampally-sabarimala

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍ വികാരാധീനനായി മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കള്ളന്‍ എന്ന് ആക്ഷേപിക്കുന്നത് മാനസികമായി വിഷമം ഉണ്ടാക്കുന്നു. ഒരറിവും പങ്കുമില്ലാത്ത കാര്യമാണ് നടന്നതെന്നും അന്വേഷണ സംഘം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കടകംപള്ളി പറഞ്ഞു. അതേസമയം മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമേ കടകംപള്ളിയെ ഇനിയും ചോദ്യം ചെയ്യണോ എന്നതില്‍ തീരുമാനം എടുക്കുകയുള്ളൂ. എന്‍.വാസുവിന്‍റെയും പത്മകുമാറിന്‍റെയും മൊഴികള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്.

അതേസമയം, സ്വര്‍ണക്കൊള്ള സംബന്ധിച്ച ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് ഡി മണിയും സുഹൃത്തുക്കളും. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് വിദേശ വ്യവസായി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഡി മണിയും സഹായികളാമായ ബാലമുരുകൻ ശ്രീകൃഷ്ണൻ എന്നിവർ എസ്ഐടിക്ക് മൊഴി നൽകിയത്. ശബരിമലയുമായി ഒരു ഇടപാടും നടത്തിയിട്ടില്ല എന്നാണ് മൊഴി. കേരളത്തിൽ ബിസിനസ് സൗഹൃദങ്ങൾ ഇല്ല. തമിഴ്നാട് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും മൊഴി നൽകി. എന്നാൽ ഡിമണിയുടെ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പത്തു വർഷത്തിനിടെ വലിയ സാമ്പത്തിക വളർച്ചയാണ് ഡി മണിക്കുണ്ടായതെന്ന് വ്യക്തമായതോടെയാണ് പരിശോധന. ഇതിനുശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. 

ENGLISH SUMMARY:

Former Minister Kadakampally Surendran expressed emotional distress over being called a "Gold Thief" in the Sabarimala case. Meanwhile, D Mani denied any involvement, but SIT is probing his rapid financial growth over the last decade.