കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് വിചാരണതടവുകാരന്‍ ചാടിപ്പോയി. മലപ്പുറം പെരിന്തല്‍മണ്ണ ദൃശ്യ കൊലപാതകകേസിലെ പ്രതി വിനീഷ് ആണ് ചാടിപ്പോയത്. ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.
2021 ല്‍ പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ദൃശ്യയെന്ന യുവതിയെ കുത്തിക്കൊന്നകേസിലെ പ്രതിയാണ് വിനീഷ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണതടവുകാരനായി കഴിയവേ പലതവണ ആത്മഹത്യ പ്രവണത കാണിച്ചതോടെയാണ് വിനീഷിനെ ഈ മാസം ഒമ്പതിന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. വിനീഷിനെ പാര്‍പ്പിച്ച സെല്ലിലെ ശുചിമുറിയുടെ ചുമര് തുരന്നാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിവരെ വിനിഷ് സെല്ലിലുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തിയിരുന്നു. പിന്നീട് മരുന്ന് നല്‍കാനായി നോക്കിയപ്പോള്‍ വിനിഷിനെ കണ്ടില്ല. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചുമര് തുരന്ന നിലയില്‍ കണ്ടെത്തിയത്. ജീവനക്കാര്‍ ഉടന്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ വിവരം അറിയിച്ചു. വിനീഷ് പോകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദൃശ്യയെ കൊലപ്പെടുത്തിയ സമയത്ത് യുവതിയുടെ അച്ഛന്‍റെ കടയും വിനീഷ് തീവെച്ച് നശിപ്പിച്ചിരുന്നു