ടി.പി.വധക്കേസ് പ്രതികൾക്കു മാത്രം എന്താണ് പ്രത്യേകതയെന്ന് ഹൈക്കോടതി. ഈ കേസിൽ പ്രതികൾക്കു ലഭിച്ചിരിക്കുന്ന പരോളിനെക്കുറിച്ചെല്ലാം അന്വേഷണം വേണ്ടതാണെന്നും  കോടതി.  12-ാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ ആവശ്യത്തിലാണ് കോടതി വിമർശനം. ജ്യോതി ബാബുവിന്റെ ഭാര്യ പി.ജി.സ്മിതയാണ് ഭർത്താവിന് 10 ദിവസത്തെ അടിയന്തര പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട്  ഹർജി നൽകിയത്. ജ്യോതി ബാബുവിന്റെ പിതാവിന്റെ സഹോദരന്റെ മകൻ 28 ന് മരിച്ചെന്നും മരണാനന്തര കർമങ്ങൾക്കായി അടിയന്തര പരോൾ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. 

എന്നാൽ ഏറ്റവും അടുത്ത ബന്ധം അല്ലെന്നും പരോൾ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഹർജിയിൽ ടി.പി കേസിലെ പ്രതിയാണെന്ന് പ്രത്യേകം പരാമർശിക്കാത്തതിനെയും കോടതി വിമർശിച്ചു. ഇതല്ല ശരിയായ രീതിയെന്നായിരുന്നു ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ വിമർശനം. പ്രതികൾക്ക് ഉന്നത സ്വാധീനമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി

ENGLISH SUMMARY:

TP Chandrasekharan case parole denial sparks High Court criticism. The court questions the special treatment for TP case convicts and calls for investigation into parole grants, rejecting Jyothi Babu's emergency request.