വി.കെ.പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് വിവാദത്തില്‍ പ്രതികരിച്ച് വിടി ബൽറാമും. മാർക്കറ്റ് നിരക്കിൽ നിന്ന് ഒരുപാട് കുറവായ വാടകയ്ക്ക് പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ആരെങ്കിലും കാലങ്ങളായി കൈവശം വച്ച് അനുഭവിക്കുന്നുണ്ടെങ്കിൽ അത് സമഗ്രമായ പരിശോധനക്ക് വിധേയമാക്കണം എന്നാണ് വി.ടി. ബൽറാം ഫെയ്സ്‌ബുക്കിൽ കുറിച്ചത്.
നാമമാത്രമായ വാടകയ്ക്ക് ഇങ്ങനെ പൊതു കെട്ടിടങ്ങൾ കൈവശം വെയ്ക്കുന്നത്തിലൂടെ ഉണ്ടാവുന്ന ഓരോ രൂപയുടെ നഷ്‌ടവും ജനങ്ങളുടെ നഷ്‌ടമാണ്. എന്നാലിത് രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി എവിടെയെങ്കിലുമൊരിടത്ത് മാത്രം ഉണ്ടാവേണ്ട നടപടിയല്ല, പുതുതായി അധികാരത്തിൽ വന്ന ഭരണസമിതികളെല്ലാം അവരവരുടെ പ്രദേശത്ത് ഇതിനായി സ്പെഷൽ ഡ്രൈവുകൾ നടത്തണം. ഇതിനായി യുഡിഎഫിന് ഭരണം ലഭിച്ച ഇടങ്ങളിൽ സഹപ്രവർത്തകർ രംഗത്തിറങ്ങണമെന്നും ബൽറാം പോസ്റ്റിൽ അഭ്യർഥിക്കുന്നു.
മിക്കയിടത്തും മാറ്റത്തിന്റെ കാഹളം മുഴക്കിയാണ് കേരളത്തിലെ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് സമാപിച്ചത്. എന്നാൽ ഭരണമാറ്റമെന്നത് നിലവിലെ സ്ഥാപിത താല്‍പര്യങ്ങളേയും അധികാര ദുസ്സ്വാധീനങ്ങളേയും പൊളിച്ചെഴുതാനും ജനങ്ങൾക്കനുകൂലമായി പുനക്രമീകരിക്കാനുമുള്ള അവസരം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ബൽറാം കുറിച്ചു.
വിടി ബൽറാമിന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ്
നാമമാത്രമായ വാടകക്ക്, അതായത് മാർക്കറ്റ് നിരക്കിൽ നിന്ന് ഒരുപാട് കുറവായ വാടകക്ക്, നമ്മുടെ നഗരങ്ങളിലെ പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ആരെങ്കിലും കാലങ്ങളായി കൈവശം വച്ച് അനുഭവിക്കുന്നുണ്ടെങ്കിൽ അത് സമഗ്രമായ പരിശോധനക്ക് വിധേയമാക്കണം. കാരണം ഇക്കാര്യത്തിലുണ്ടാവുന്ന ഓരോ രൂപയുടെ നഷ്‌ടവും ജനങ്ങളുടെ നഷ്‌ടമാണ്. എന്നാലിത് രാഷ്‌ട്രീയ പകപോക്കലിൻ്റെ ഭാഗമായി എവിടെയെങ്കിലുമൊരിടത്ത് മാത്രം ഉണ്ടാവേണ്ട നടപടിയല്ല, പുതുതായി അധികാരത്തിൽ വന്ന ഭരണസമിതികളെല്ലാം അവരവരുടെ പ്രദേശത്ത് ഇതിനായി സ്പെഷൽ ഡ്രൈവുകൾ നടത്തണം.
യുഡിഎഫിന് ഭരണം ലഭിച്ച ഇടങ്ങളിൽ ഇതിനായി രംഗത്തിറങ്ങണമെന്ന് സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു.
മിക്കയിടത്തും മാറ്റത്തിൻ്റെ കാഹളം മുഴക്കിയാണ് കേരളത്തിലെ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് സമാപിച്ചത്. എന്നാൽ ഭരണമാറ്റമെന്നത് നിലവിലെ സ്ഥാപിത താത്‌പര്യങ്ങളേയും അധികാര ദുസ്സ്വാധീനങ്ങളേയും പൊളിച്ചെഴുതാനും ജനങ്ങൾക്കനുകൂലമായി പുനക്രമീകരിക്കാനുമുള്ള അവസരം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.