പ്രാര്‍ഥനകള്‍ വിഫലം. ചിറ്റൂരില്‍ കാണാതായ ആറുവയസുകാരന്‍ മരിച്ച നിലയില്‍. സുഹാന്‍റെ മൃതദേഹം സമീപത്തുള്ള കുളത്തില്‍ നിന്നും ലഭിച്ചു. കുളത്തിന്‍റെ മധ്യഭാഗത്ത് പൊങ്ങിനില്‍ക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകള്‍ക്ക് ശേഷമാണ് സുഹാന്‍റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. തുടര്‍ന്ന് നാടൊന്നാകെ തിരച്ചിലിനിറങ്ങി. തിരച്ചിലിന് ഡോഗ് സ്ക്വാഡ് അടക്കം രംഗത്തിറങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടിയുടെ വീടിന് സമീപത്തായി അഞ്ച് കുളങ്ങളാണ് ഉണ്ടായിരുന്നത്.
ഇന്നലെ തന്നെ കുളങ്ങളിലും സമീപപ്രദേശത്തെ കിണറുകളിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു. അമ്മ നിസ്കരിച്ചുകൊണ്ടിരുന്ന സമയത്ത് ചേട്ടനുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് സുഹാന്‍ ഇറങ്ങിപ്പോയത്. കുട്ടിക്ക് അപസ്മാരമുണ്ട്. സംസാരശേഷിക്കും പ്രശ്നമുണ്ട്.