suhan-chittur-03

പാലക്കാട്‌ ചിറ്റൂരിലെ ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങിമരണം എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.  നാല് ദിവസം മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം അതുവഴി പോയിരുന്നു. കുളത്തിലിറങ്ങി അബദ്ധത്തില്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് സൂചന.  സുഹാനു വേണ്ടിയുള്ള പ്രാർഥന ഫലിച്ചില്ല. തിരച്ചിലിന്റെ ഇരുപത്തിരണ്ടാം മണിക്കൂറിൽ വീടിനു സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാണാതായതിനു പിന്നാലെ അമ്മയും നാട്ടുകാരും തിരഞ്ഞ കുളത്തിലാണ് രാവിലെ മൃതദേഹം കണ്ടത്. 

നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പു, ആറു വയസുകാരൻ സുഹാൻ. ഇന്നലെ 12 മണിയോടെ കാണാതായ കുഞ്ഞിന് വേണ്ടി ഒരു നാടൊന്നാകെ ഉറക്കമൊഴിച്ചു തിരഞ്ഞു. പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും 9 മണിയോടെ അതെല്ലാം വിഫലമായി. വീടിനു 800 മീറ്റർ അകലെ കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ കുളിക്കാനെത്തിയവരാണ് കുളത്തിന് മധ്യത്തിൽ മൃതദേഹം കണ്ടത്. ഉടൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രിയപ്പെട്ട മകനെ അവസാനമായി കാണാൻ പിതാവ് മുഹമ്മദ്‌ അനസ് വിദേശത്തു നിന്നെത്തി, വിങ്ങിപൊട്ടി.

കുട്ടിയെ കാണാതായത് മുതൽ അമ്മയടക്കമുള്ളവർ കുളത്തിന് സമീപം തിരഞ്ഞതാണ്, പക്ഷെ ഒന്നും കണ്ടില്ല. വീടിനു സമീപത്തെ രണ്ടു കുളങ്ങളും പരിശോധിച്ചിരുന്നു. എത്താനിടയില്ലെന്ന നിഗമനത്തിൽ ഈ കുളത്തിൽ ഇറങ്ങി പരിശോധിച്ചിരുന്നില്ല. ഇത്രദൂരം കടന്ന് കുട്ടി ഒറ്റക്ക് വരാൻ സാധ്യതയില്ലെന്നും ദുരൂഹത പരിശോധിക്കണമെന്നും നഗരസഭ ചെയർമാൻ സുമേഷ് അച്യുതന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി വൈകീട്ടോടെ പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

മൃതദേഹം വൈകീട്ട് സംസ്കരിക്കും. നിലവിൽ ദുരൂഹത ഇല്ലെന്ന് നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

The postmortem report has confirmed that six-year-old Suhan from Chittoor in Palakkad died due to drowning. The child had reportedly gone out with his friends four days ago before going missing. Preliminary findings suggest that he may have accidentally fallen into a pond. After extensive search efforts, Suhan’s body was recovered from a pond near his home during the 22nd hour of the search. The pond had earlier been searched by his mother and local residents. The incident has left the local community in deep shock and grief.