പത്തനംതിട്ട ഇലന്തൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചതിന് കാരണം സൈക്കിളിന്റെ ബ്രേക്ക് തകരാർ എന്ന് നാട്ടുകാർ. ഇന്നലെയാണ് 14 വയസ്സുകാരനായ ഭവന്ത് മരിച്ചത്. ഗിയറുള്ള ആധുനിക സൈക്കിൾ ആണ് അപകടത്തിൽപ്പെട്ടത്
ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഭവന്ദ് ആണ് അപകടത്തിൽ മരിച്ചത്. ഇലന്തൂർ ഇടപ്പരിയാരം റോഡിലേക്ക് കുത്തിറക്കം ഇറങ്ങി വരുമ്പോൾ ആയിരുന്നു അപകടം. ബ്രേക്ക് കിട്ടാതെ സൈക്കിൾ നിയന്ത്രണം വിട്ട് വെൽഡിങ് വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗേറ്റും തകർത്ത് അകത്ത് കെട്ടിടത്തിന്റെ ഭിത്തിയിൽ ഇടിച്ചു നിന്നു
ബ്രേക്ക് കിട്ടാതെ സൈക്കിൾ മുന്നോട്ടുപോകുമ്പോൾ കുട്ടി ഭയന്ന് നിലവിളിക്കുന്ന ശബ്ദം സിസിടിവി ദൃശ്യങ്ങളിൽ കേൾക്കാം. ഗിയറും ഡിസ്ക് ബ്രേക്കും ഉള്ള പുതിയ സൈക്കിളാണ്. മുൻഭാഗത്തെ ബ്രേക്ക് ഇല്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സൈക്കിൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംസ്കാരം