Image: Facebook, Shibu Baby John
ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ഫോട്ടോ ആയുധമാക്കാൻ പ്രതിപക്ഷം. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണാണ് ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ബെംഗളൂരു എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ ആണെന്നാണ് കരുതുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഫോട്ടോയിൽ ഉണ്ട്. ഇവർ തമ്മിലുള്ള ബന്ധം എന്താണെന്നും ഷിബു ബേബി ജോൺ ചോദ്യമുന്നയിക്കുന്നു.
അതേസമയം തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ കണ്ടത് യഥാർത്ഥ ഡി മണി എന്ന് തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണസംഘം. ഡി മണിയുടെ യഥാർത്ഥ പേരാണ് എം സുബ്രഹ്മണ്യം. അതിൻ്റെ ചുരുക്കപ്പേരാണ് എം എസ് മണിയെന്ന് പറഞ്ഞതെന്നും അന്വേഷണ സംഘം ഉറപ്പിച്ചു. ബാലമുരുകനെന്നത് ഡി മണിയുടെ സുഹൃത്താണന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ബാലമുരുകനെ ഇന്ന് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം.
അതിനിടെ പഞ്ചലോഹ വിഗ്രഹ കടത്തിന് തെളിവൊന്നും ലഭിച്ചില്ലെങ്കിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഡി മണിയുടെ സംഘവും തമ്മിൽ ബന്ധമുണ്ടെന്നതിൻ്റെ ചില സൂചനകൾ എസ് ഐ ടിക്ക് ലഭിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫോൺ വിളി വിവരങ്ങളിൽ ഡി മണിയുടെ സഹായി ശ്രീകൃഷ്ണൻ്റെ നമ്പർ വന്നതാണ് സംശയത്തിന് അടിസ്ഥാനം. കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഇത് ഉറപ്പിക്കാനാണ് ശ്രമം.