കേരള ആര്‍.ടി.സി.യുടെ പുത്തന്‍ വോള്‍വോ ബസ് അപകടത്തില്‍പെട്ടു. ഓണത്തിന് നിരത്തിലെത്തിയ കഥകളി ഡിസൈനിലുള്ള പുത്തന്‍ ബസാണ് ക്രിസ്മസ് രാത്രിയില്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ വച്ച് അപകടത്തില്‍പെട്ടത്.
ഡ്രൈവറുടെ ഭാഗത്തെ ബോഡിയിലെ ഡിസൈനുകള്‍ മുഴുവന്‍ പെയിന്റിളകി നശിച്ചു തിരുവനന്തപുരം കൊല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്‍ട്രല്‍ ഡിപ്പോയുടെ കെ.എസ്. 449 ഡിപ്പോ നമ്പറിലുള്ള കെ.എല്‍. 15 എ .2885 വോള്‍വോ 9006 മോഡല്‍ മള്‍ട്ടി ആക്സില്‍ ബസാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരത്തു നിന്നു കൊല്ലൂരിലേക്കു പോകുന്നതിനിടെ കൊയിലാണ്ടിയില്‍ വച്ചു ദേശീയ പാത അടിപ്പാതയിലൂടെ പോകുമ്പോള്‍ അരികിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഉരസുകയായിരുന്നു. 15 മീറ്റര്‍ നീളമുള്ള ബസിന്റെ ഡൈവര്‍ ഭാഗത്തെ മുഴുവന്‍ പെയിന്റും ഉരസില്‍ നശിച്ചു. ഇതോടെ റോഡില്‍ തലയെടുപ്പോടെ നിന്നിരുന്ന ബസിന്റെ ഭംഗി ഇല്ലാതായി രണ്ടുകോടിയുടെ ബസ്,അശ്രദ്ധ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മുന്‍കൈ എടുത്താണ് വോള്‍വോ ബസുകളിറക്കിയത്.
ഒരു ബസിന് രണ്ടുകോടിയിലേറെ രൂപയാണ് നിരത്തിലിറക്കാനുള്ള ചെലവ്. ഓടിതുടങ്ങിയിട്ട് കേവലം രണ്ടുമാസം മാത്രമാകുന്നതിനിടെയാണ് അപകടം. ദേശീയപാതയുടെ നിര്‍മാണ ജോലികള്‍ നടക്കുന്നിടത്തു വച്ചാണ് അപകടമെന്നാണ് ജീവനക്കാര്‍ പറയുന്നത്. 15 മീറ്റര്‍ നീളമുള്ള മള്‍ട്ടി ആക്സില്‍ ബസ് ഓടിക്കുന്നതിനായി ജീവനക്കാര്‍ക്കു കമ്പനി പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. ഇങ്ങനെ പരിശീലനം കിട്ടിയ ഡ്രൈവറുടെ ഭാഗത്തുണ്ടായ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്. അടിപ്പാതയിലൂടെ കടന്നുപോകുന്നതിനിട റോഡരികില്‍ ഉരസിയെന്നാണ് ജീവനക്കാരന്‍ മനോരമ ന്യൂസിനോടു പറഞ്ഞത്. ബസിന്റെ വലതു ഭാഗത്തായിട്ടുപോലും ഡ്രൈവറുടെ ശ്രദ്ധയിലിത് പെട്ടില്ലെന്നതു ഗുരുതര വീഴ്ചയാണ്. ഇത്രയും വലുപ്പമുള്ള ബസ് വളച്ചുകിട്ടുമെന്നുറപ്പില്ലാതെ അടിപ്പാതയിലേക്ക് കയറിയതാണ് റോഡരികില്‍ ഉരസാനിടയാക്കിയതെന്നാണ് സൂചന. എന്നാല്‍ ബസിന്റെ ഐക്കണായ മുന്നിലെ മിറര്‍ റോഡരികിലെ മരച്ചില്ലയിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചപ്പോള്‍ എതിര്‍ഭാഗം കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്.
പരാതിയോ കാര്യമായ പരുക്കോ ഇല്ലാതിരുന്നതിനാല്‍ ബസ് സര്‍വീസ് തുടരുകയും ചെയ്തു. ബസ് അപകടത്തില്‍പെട്ടതിനു ശേഷമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ നെറ്റിസണ്‍ രോഷം കൊള്ളുകയാണ്. രണ്ടു കോടി മുടക്കി വാങ്ങിയ ബസ് ഒരു കൊല്ലമെങ്കിലും തട്ടും മുട്ടുമില്ലതെയെങ്കിലും കൊണ്ടുനടക്കണമെന്നാണു പൊതുവേ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരോടുള്ള സമൂഹമാധ്യമങ്ങളിലെ അപേക്ഷ. ബസ് വാങ്ങാനുള്ള മിടുക്ക് പരിപാലിക്കാന്‍ കാണിക്കുമെന്നും ആവശ്യമുയര്‍ന്നു. ഇത്രയും അനുഭവ പരിചയമുള്ള ഡ്രൈവര്‍ക്കു മെഡല്‍ നല്‍കണമെന്ന് പരിഹസിക്കുന്നവരുമുണ്ട് ബസിന് യാത്രക്കു തടസമാകുന്ന രീതിയില്‍ പരുക്കുകളില്ല.
കേസുമില്ലാത്തതിനാല്‍ യാത്ര തുടര്‍ന്നു. ബസിന്റെ നിലവിലെ ഉടമസ്ഥരായ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ പോലും റിപ്പോര്‍ട്ട് ചെയ്തില്ല. കാര്യമായ പരുക്കില്ലാത്തിതനാല്‍ സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ അറിയിച്ചാല്‍ മതിയെന്നായിരുന്നു ജീവനക്കാരന്റെ നിലപാട്. അപകടമുണ്ടാക്കിയ ഡ്രൈവറുടെ പക്കല്‍ നിന്നു പണം പിടിക്കുമെന്നും ജീവനക്കാരന്‍ പറഞ്ഞു. അടുത്ത ദിവസം ബസ് തിരുവനന്തപുരം ചന്തിരൂരിലെ കമ്പനി സര്‍വീസ് സെന്ററിലെത്തിച്ചു ഫുള്‍ സര്‍വീസ് ചെയ്യുമ്പോള്‍ പരുക്കുകളെല്ലാം മാറുമെന്നുമാണ് ജീവനക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ നിരുത്തരവാദപരമായ ഡ്രൈവിങ്ങാണ് അപകടത്തിനു കാരണമെന്നാണ് ആക്ഷേപം.
ബസിലുണ്ടായിരുന്ന യാത്രക്കാരന്‍ ജീവനക്കാരുടെ സംസാരം അടക്കം ചേര്‍ത്ത് ഫെയ്സ് ബുക്കില്‍ മന്ത്രിയെ ടാഗ് ചെയ്തിട്ട പോസ്റ്റും വൈറലാണ്. അതോടൊപ്പം കര്‍ണാടക ആര്‍.ടി.സിയുടെ ഒരേ മോഡലിലുള്ള ബസിന്റെ ചിത്രവും കേരള ആര്‍.ടി.സി ബസിന്റെ ചിത്രവും ഒന്നിച്ചു പങ്കുവച്ചും പരിഹാസങ്ങള്‍ നിറയുന്നുണ്ട്.