ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹം കടത്തിയെന്ന ആരോപണം നേരിടുന്ന ഡയമണ്ട് മണിയ്ക്ക് പിന്നാലെ എസ്.ഐ.ടി. ഡിണ്ടിഗലിലെത്തി ഡി മണിയെ ചോദ്യം ചെയ്തു. എന്നാല്‍ താന്‍ ഡി മണിയല്ലെന്നും എം.എസ് മണിയാണെന്നും വ്യവസായി അവകാശപ്പെട്ടു. ഇത് നുണയെന്ന് വ്യക്തമായതോടെ തിരുവനന്തപുരത്തെത്തി വിശദ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി.
ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന ആരോപണം നേരിടുന്ന ഡി മണി അഥവാ ഡയമണ്ട് മണിയെ തമിഴ്നാട് ഡിണ്ടിഗലിലുള്ള ഓഫീസിലെത്തിയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇന്നലെ ഡി മണിയുടെ സഹായിയായ ശ്രീകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. ശ്രീകൃഷ്ണന്‍ നേരത്തെ തമിഴ്നാട്ടിലെ ഇറിഡിയം തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന് സ്ഥിരീകരിച്ചു. ശ്രീകൃഷ്ണനില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡി മണിയുടെ ഓഫീസിലേക്ക് എസ്.ഐ.ടിയെത്തിയത്. എന്നാല്‍ പൊലീസ് അന്വേഷിക്കുന്ന ഡി മണി താനല്ലെന്നും തന്‍റെ പേര് എം.എസ്. മണിയെന്നാണെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. Also Read: മുഖ്യമന്ത്രിക്കൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റി ചടങ്ങില്‍ പങ്കെടുത്തു; വിഡിയോ പുറത്ത് .
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചിത്രം കാണിച്ചപ്പോള്‍ അറിയില്ലായെന്ന് പറഞ്ഞ ഇദേഹം തനിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള തന്ത്രം മാത്രമെന്നാണ് പൊലീസ് വിലയിരുത്തല്‍. പഞ്ചലോഹ വിഗ്രഹം കടത്തിയെന്ന ആരോപണം ഉന്നയിച്ച പ്രവാസി വ്യവസായിയും ഇത് തന്നെയാണ് താന്‍ ഉദേശിച്ച ഡി മണിയെന്ന് പൊലീസിനോട് പറഞ്ഞു.
ഇതോടെ ജനുവരി 4, 5 തീയതികളില്‍ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി പൊലീസ് മടങ്ങി. ഡി മണിയെന്ന് കരുതുന്ന വ്യവസായിയുടെ സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. 4 ാം തീയതിയിലെ ചോദ്യം ചെയ്യലിന് ശേഷം ഡി മണിയേ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്കും വിഗ്രഹക്കടത്ത് നടന്നോയെന്നതിലും വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.