ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ മറ്റന്നാൾ ചോദ്യം ചെയ്യും. കെ.പി.ശങ്കർദാസിനും എൻ.വിജയകുമാറിനും 26 ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. ഇരുവരെയും അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് തവണ ചോദ്യം ചെയ്തിരുന്ന ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചത്.
സ്വർണത്തെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് 2019 ലെ ദേവസ്വം ബോർഡിന്‍റെ കൂട്ടായ തീരുമാനമെന്നാണ് പ്രസിഡന്‍റായിരുന്ന എ.പത്മകുമാറിന്‍റെ മൊഴി. അതിനാൽ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമെന്നാണ് അവകാശവാദം. എ.പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു. അതിനാൽ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ.പി.ശങ്കർദാസും എൻ.വിജയകുമാറും കോടതിയെ സമീപിച്ചു. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുൻകൂർ ജാമ്യത്തിനുള്ള നീക്കം.