സിപിഎം നേതാവ് പി.കെ.ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി. കൊല്‍ക്കത്തയില്‍നിന്ന് ബിഹാറിലെ സമസ്തപുരിയിലേക്ക് ട്രെയിനില്‍ പോകുമ്പോളാണ് മോഷണം. ബാഗ്, മൊബൈല്‍ ഫോണ്‍, പണം, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിന് പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് മോഷണം. ദല്‍സിങ്സാരായി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതിരാവിലെ സ്റ്റേഷനില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് മോഷണം നടന്ന കാര്യം അറിയുന്നതെന്ന് ശ്രീമതി പറയുന്നു. എ.സി. സെക്കന്‍ഡ് ക്ലാസിലായിരുന്നു യാത്ര. പൊലീസില്‍ അറിയിച്ചപ്പോള്‍ തങ്ങളെയാണ് കുറ്റപ്പെടുത്തിയതെന്നും ശ്രീമതി പറയുന്നു. നിങ്ങളുടെ സാധനം നിങ്ങൾ ശ്രദ്ധിക്കണ്ടേ എന്നാണ് പറഞ്ഞത്. ഒന്നും കേട്ട ഭാവമേ ഇല്ലായിരുന്നുവെന്നും ഇതൊന്നും ഒന്നുമല്ല എന്ന രീതിയിലാണ് പെരുമാറിയതെന്നും ശ്രീമതി പറയുന്നു.
താന്‍ ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് കാര്യം പറഞ്ഞതായും ആര്‍പിഎഫിന്‍റെ റെയിൽവേ സ്റ്റേഷനിലെ ഔട്ട്പോസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ശ്രീമതി പറഞ്ഞു. ഇത്തരം മോഷണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ സെക്കൻഡ് എസിയിലും മോഷണം, അത് പരാതി കേൾക്കാനുള്ള മനസ്സ് പോലും അവർക്കൊന്നും ഇല്ല. കേരളത്തിൽ ആണെങ്കിൽ ഉടന്‍ നടപടിയുണ്ടാകുമായിരുന്നുവെന്നും ശ്രീമതി പറഞ്ഞു.