കണ്ണൂര്‍ എടയന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച അമ്മയ്ക്കും രണ്ടു മക്കള്‍ക്കും വേദനയോടെ വിടനല്‍കി നാട്. നെല്ലൂന്നി സ്വദേശി നിദേവ രഘുനാഥ്, മക്കളായ സാത്വിക്, ഋഗ്വേദ് എന്നിവര്‍ക്ക് നൂറുകണക്കിന് പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തില്ലങ്കേരി ശാന്തിതീരത്ത് മൃതദേഹം സംസ്കരിച്ചു.
അമ്മയെ കെട്ടിപ്പിടിച്ച് സ്കൂട്ടറില്‍ സന്തോഷത്തോടെ തെയ്യം കാണാന്‍ പുറപ്പെട്ടതായിരുന്നു കുഞ്ഞുമക്കള്‍. കണ്‍നിറയെ തെയ്യം കണ്ടുള്ള മടക്കയാത്ര ജീവിതത്തില്‍ നിന്നുതന്നെയുള്ള മടക്കമാകുമെന്ന് കരുതിയില്ല. അപകടത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് അമ്മ നിവേദ വീട്ടിലേക്ക് ഫോണ്‍ ചെയ്തതേയുള്ളൂ. എടയന്നൂരെത്തിയപ്പോള്‍ എതിരെവന്ന കാര്‍ ഇടിച്ചായിരുന്നു അപകടം. സ്കൂട്ടറുമായി 50 മീറ്റര്‍ കാര്‍ മുന്നോട്ടുനീങ്ങി. സാത്വികിനെ കാര്‍ മറിച്ചിട്ടാണ് അതിനടിയില്‍ നിന്ന് പുറത്തെടുത്തത്. ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയാണ് അമ്മയും രണ്ട് മക്കളും മരണത്തിന് കീഴടങ്ങിയത്. നാട് മുഴുവന്‍ വേദനിച്ചൊരു മരണം.
സാത്വികും ഋഗ്വേദും പഠിയ്ക്കുന്ന മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം സ്കൂളിലേക്ക് അവരെ അവസാനമായി കൊണ്ടുവന്നു. വിദ്യാലയമൊന്നാകെ തേങ്ങി. നെല്ലൂന്നിയിലെ ഗ്രാമദീപം വായനശാലയ്ക്ക് സമീപം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. രണ്ടരയ്ക്ക് ശേഷമായിരുന്നു തില്ലങ്കേരി ശാന്തിതീരത്ത് മൃതദേഹം സംസ്കരിച്ചത്. സ്പീക്കര്‍ എഎന്‍ ഷംസീര്‍, കെ.കെ ശൈലജ എംഎല്‍എ, മുന്‍ മന്ത്രി ഇ.പി ജയരാജന്‍, വല്‍സന്‍ തില്ലങ്കേരി, ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയ നേതാക്കളും ദുഖവാര്‍ത്തയറിഞ്ഞ് അന്തിമോപചാരമര്‍പ്പിക്കാനെത്തി