സന്നിധാനം (ഫയല്‍/ നിഖിൽരാജ് / മനോരമ)
മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30,000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന് 35,000 പേരെയും മാത്രം വിർച്വൽ ക്യൂ വഴി അനുവദിക്കും. രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി ചുരുക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും നിയന്ത്രണമുണ്ട്.
26ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കൽനിന്നും 10 മണിക്കുശേഷം പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുന്നത് പുനരാരംഭിക്കുക. അതേസമയം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുകയാണ്. 9 മണി വരെ 85,000ലധികം തീർത്ഥാടകർ ദർശനം നടത്തി. സന്നിധാനത്ത് ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നു.
മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചിന് സ്ട്രോങ് റൂം തുറന്ന് പുറത്തെടുത്ത തങ്കയങ്കി, ക്ഷേത്രത്തിലെ ആനക്കൊട്ടിലിലെ പ്രത്യേക മണ്ഡപത്തിലെത്തിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ ഭക്തരാൽ ക്ഷേത്രമുറ്റം നിറഞ്ഞു.
ഏഴ് മണിക്ക് നാദസ്വരത്തിന്‍റെ അകമ്പടിയോടെ തങ്കയങ്കി ക്ഷേത്രത്തിന് പുറത്ത് കാത്തു കിടന്ന പ്രത്യേക രഥത്തിലേക്ക് മാറ്റി. വന്‍ സുരക്ഷയിലാണ് യാത്ര. ഇന്ന് രാത്രി ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും നാളെ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും മൂന്നാം ദിവസം പെരുനാട് അയപ്പ ക്ഷേത്രത്തിലും തങ്ങും. 26 ന് തങ്കയങ്കി സന്നിധാനത്തെത്തും. ഇരുപത്തിയേഴിന് രാവിലെയാണ് മണ്ഡലപൂജ.