ശബരിമല സ്വർണ്ണക്കൊള്ളയിൽ ദുരൂഹത വർദ്ധിപ്പിച്ച് വിദേശ വ്യവസായിയുടെ മൊഴി. ശബരിമലയിൽ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്നാണ് രമേശ് ചെന്നിത്തല സൂചിപ്പിച്ച വ്യവസായി അന്വേഷണസംഘത്തോടെ വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തിൽ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയത്. സ്വർണ്ണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു ഈ കച്ചവടത്തിന്റെയും ഇടനിലക്കാരൻ. 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങൾ വാങ്ങിയത്. 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറ്റം നടന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തിൽ പങ്കെന്നാണ് വ്യവസായിയുടെ മൊഴിയിലുള്ളത്. ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി.മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തിൽ പങ്കെടുത്തതെന്നും വ്യവസായി മൊഴി നൽകി. മൊഴിയുടെ ആധികാരികത കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
അതേസമയം, കേസിലെ പത്താം പ്രതിയായ സ്വര്‍ണവ്യാപാരി നാഗ ഗോവര്‍ധന്റെ രണ്ട് ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.മുരളീകൃഷ്ണ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി എസ്‌ഐടിയോട് വിശദീകരണം തേടും. സ്വര്‍ണക്കൊള്ളയിൽ പങ്കില്ലെന്നാണ് ഗോവര്‍ദ്ധന്റെ വാദം. എസ്‌ഐടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ക്രമക്കേട് നടത്തിയത്. സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് നിയമവിരുദ്ധമായ അനുമതി നല്‍കി എന്നും ഗോവര്‍ധന്‍ ആരോപിക്കുന്നു.
കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എതിർ കക്ഷികളായ സംസ്ഥാന സർക്കാർ, സിബിഐ, സിഎജി, കേന്ദ്ര സർക്കാർ തുടങ്ങിയവർക്ക് കഴിഞ്ഞ തവണ കോടതി നോട്ടീസയച്ചിരുന്നു . ഇവർ ഇന്ന് മറുപടി അറിയിച്ചേക്കും. ശബരിമലയിലെ കഴിഞ്ഞ 10 വർഷത്തെ സംഭാവനകളടക്കം ഓഡിറ്റ് നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നാണ് ഹർജിയിലെ മറ്റൊരു പ്രധാന ആവശ്യം. സ്വർണ്ണം കവർന്നതിലെ നഷ്ടം മുൻ ദേവസ്വം ബോർഡ് ഭാരവാഹികളിൽ നിന്നും നികത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.