ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ അതിസുരക്ഷലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ. കോട്ടയത്ത് മൂന്നിടത്ത് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലെ ഓരോ വാർഡിലാണ് രോഗബാധ.
നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവുകൾക്കുമാണ് രോഗം. കോട്ടയത്ത് കുറുപ്പന്തറ -മാഞ്ഞൂർ, കല്ലുപുരയ്ക്കൽ , വേളൂർ എന്നീ സ്ഥലങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയം ജില്ലയിൽ രോഗബാധ.
കുറച്ചു ദിവസങ്ങൾക്ക് നെടുമുടി, തകഴി എന്നിവിടങ്ങളിൽ താറാവുകളും കോഴികളും ചത്തിരുന്നു. ഇതേ തുടർന്ന് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തര നടപടികൾക്ക് സംസ്ഥാന സർക്കാർ കലക്ടർമാർക്ക് നിർദ്ദേശം നൽകി. രോഗബാധിത മേഖലകളിൽ പക്ഷികളെ കൊന്ന് നശിപ്പിക്കും. പ്രത്യേക ടീമിനെ ഇതിനായി സജ്ജമാക്കും.
പക്ഷിപ്പനി ബാധിത മേഖലകളിൽ പക്ഷികളുടെ മുട്ടയും മാംസവും വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തും. ഈ സ്ഥലങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് പക്ഷികളെ കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്. ക്രിസ്മസ് സീസണിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നൂറു കണക്കിന് - കോഴി താറാവ് കർഷകരുടെ ജീവിതം പ്രതിസന്ധിയിലായി. ഈ സീസണിലെ വിൽപന ലക്ഷ്യമാക്കിയാണ് താറാവുകളെ വളർത്തിയത്.