നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അധിക്ഷേപിച്ചുള്ള രണ്ടാംപ്രതി  മാര്‍ട്ടിന്റെ വിഡിയോ പ്രചരിപ്പിച്ച മൂന്നുപേരാണ് അറസ്റ്റില്‍. എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവര്‍ പണം വാങ്ങി വിഡിയോ ഷെയര്‍ ചെയ്തു എന്നാണ് കണ്ടെത്തല്‍. വിഡിയോഇരുന്നൂറിലേറെ സൈറ്റുകളില്‍ പങ്കുവച്ചിട്ടുണ്ട്. 

ബലാല്‍സംഗം നടന്നിട്ടില്ലെന്ന് കാട്ടി, അതിജീവിതയുടെ പേരു വെളിപ്പെടുത്തിക്കൊണ്ടാണ് മാര്‍ട്ടിന്‍ വിഡിയോ ചെയ്തത്. മാർട്ടിന്റെ വീഡിയോ ഫെയ്സ്ബുക്ക് പേജുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ അപ്പ് ചെയ്തവർ ഉൾപ്പെടെ മൂന്ന് പേരെയാണ്  പിടികൂടിയത് . വീഡിയോ ഷെയർ ചെയ്തവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. 

മാര്‍ട്ടിനെതിരകെ തൃശൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ട്ടിന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരനാണ്. കോടതി ബലാല്‍സംഗ കുറ്റത്തിന് ശിക്ഷിച്ചിട്ടും, ബലാല്‍സംഗമേ നടന്നിട്ടില്ലെന്നും, അത് കെട്ടുകഥയാണെന്നും പറഞ്ഞാണ് മാര്‍ട്ടിന്‍ വിചിത്രമായ വിഡിയോ പുറത്തിറക്കിയത്. അതിജീവിതയുടെ പരാതിയില്‍ സൈബര്‍ പൊലീസാണ് മാര്‍ട്ടിനെതിരെ കേസെടുത്തത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്തതിനു പിന്നില്‍ സംഘടിത ശ്രമമുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.

ENGLISH SUMMARY:

Actress assault case update is the focus of this article. Three individuals have been arrested for circulating a defamatory video related to the survivor in the actress assault case.