ഹാസ്യം, വിമര്‍ശനം, എഴുത്ത് എന്നിവയിലൂടെ കഴിവ് തെളിയിച്ച അതുല്യപ്രതിഭയാണ് ശ്രീനിവാസനെന്നും ഒരു അതിര്‍വരമ്പും അദ്ദേഹം ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കലാകാരനോട് അതിര്‍വരമ്പ് ലംഘിക്കരുതെന്ന് ഒരാള്‍ക്കും പറയാന്‍ അര്‍ഹതയില്ലെന്നും പോളണ്ട് ഒന്ന ഒരൊറ്റ വാക്കിലൂടെ കേരളത്തിലെ രാഷ്ട്രീയത്തിന് താക്കീത് നല്‍കിയ വ്യക്തിയാണ് ശ്രീനിവാസനെന്നും സുരേഷ് ഗോപി പറഞ്ഞു.
ഡിപ്ലോമാറ്റിക് ടേബിളിനോടുള്ള അപമര്യാദയായിട്ടു പോലും ആ പോളണ്ട് പ്രയോഗത്തെ കണക്കാക്കാനാവില്ല. അദ്ദേഹം ആ സിനിമയില്‍ ഒരു തവണയേ പോളണ്ട് എന്ന പ്രയോഗം ഉപയോഗിച്ചുള്ളൂ, ഇന്ന് മലയാളികളും മലയാളികളെ അറിയുന്നവരും ആ തത്വം ഉപയോഗിക്കുകയാണ്. ഇതിലൊന്നും അതിര്‍വരമ്പ് കടക്കുന്ന സാഹചര്യമില്ലെന്നും മാധ്യമമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു.
ഒരു കലാകാരന്റെ അവലോകനം സത്യസന്ധമാണെങ്കില്‍ അവിടെ വിമര്‍ശനത്തിനു സാധ്യതയില്ല. കലാകാരന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളെ വളച്ചൊടിച്ചാലേ വിമര്‍ശിക്കേണ്ട സാഹചര്യമുള്ളൂവെന്നും ശ്രീനിയേട്ടന്റെ ഒരു സിനിമകളും അത്തരത്തിലുള്ളതല്ലെന്നും സുരേഷ് ഗോപി പറയുന്നു.
സന്തോഷവും ആനന്ദവും കിട്ടുന്ന സൃഷ്ടികളാണ് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും. അദ്ദേഹത്തിന്റെ ഒരു സിനിമ പോലും ചോദ്യം ചെയ്യാനാവുന്ന തരത്തിലുള്ളതല്ല. വിവാദ വിഷയങ്ങളിലേക്ക് കടന്ന ഒന്നോ രണ്ടോ സിനിമകളുണ്ട്. ആ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ നിശ്ചയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. ഞാന്‍ പ്രകാശന്‍ എന്ന സിനിമ നല്ല വിമര്‍ശനമല്ലേയെന്നും അതിലെവിടെയെങ്കിലും കയ്പയ്ക്കാ അനുഭവം തോന്നിയോയെന്നും അദ്ദേഹം ചോദിക്കുന്നു.