കാലത്തെ അതിജീവിച്ച സിനിമകളിലൂടെ മലയാളികളോട് ചിരിയില്‍ പൊതിഞ്ഞ ചോദ്യങ്ങള്‍ ചോദിച്ച ശ്രീനിവാസന്‍ ഇനി ഓര്‍മത്തിരയില്‍.ശ്രീനിവാസന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍.അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ –സിനിമ– സാംസ്കാരിക ലോകം.
ഇന്നലെ രാവിലെയാണ് മലയാളിയുടെ പ്രിയപ്പെട്ട ശ്രീനി വിടപറഞ്ഞത്. ശ്രീനിവാസനെ ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. Also Read: ഒരിക്കല്‍ തനിക്ക് ശബ്ദമായവന്‍; പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍ മമ്മൂക്കയെത്തി
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കണ്ടനാട്ടെ വീട്ടിലെത്തിച്ച മൃതദേഹം, പിന്നീട് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു.
പ്രിയപ്പെട്ട സുഹൃത്തിനെ കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടുന്ന വന്‍താരനിര തന്നെയെത്തി. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ശ്രീനിവാസനുമായുള്ള സ്നേഹബന്ധമെന്നും അദ്ദേഹവുമായുള്ള ആത്മബന്ധം വാക്കുകളിൽ ഒതുക്കാനാവില്ലെന്നും മോഹൻലാൽ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.