ഇടപ്പള്ളിയില്‍ വയോധികയെ വീടിനുള്ളില്‍ മുറിവേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. പ്രതീക്ഷ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സപ്തസ്വര വീട്ടില്‍ വനജ(70)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം മുറിവുകളുമായി ചോരവാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അര്‍ധനഗ്നമായ നിലയിലാണ് അധ്യാപികയെ മുറിക്കുളളില്‍ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പും മുറിച്ച നിലയിലാണ്. മൃതദേഹത്തിനു സമീപത്തുനിന്നും ഒരു കത്തിയും കണ്ടെത്തിയിരുന്നു. ആത്മഹത്യാ സാധ്യതയും കൊലപാതക സാധ്യതയും എളമക്കര പൊലീസ് തള്ളിക്കളയുന്നില്ല.
അനിയത്തിയുെട മകളും ഭര്‍ത്താവുമാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്നത്. രാത്രി ഒമ്പതരയോടെ ജോലി കഴിഞ്ഞ് ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. നേരത്തേ വീടിന്റെ ഗേറ്റ് പൂട്ടിയിടാറുണ്ടായിരുന്നെങ്കിലും വനജയ്ക്ക് വന്നു ഗേറ്റ് തുറക്കാന്‍ പറ്റാത്തവിധം ശാരീരിക അവശതകള്‍ വന്നതോടെ ഗേറ്റ് പൂട്ടിയിടാറില്ല. സംഗീത അധ്യാപികയായ വനജയ്ക്കൊപ്പം എപ്പോഴും കാണപ്പെടുന്ന പൊമറേനിയന്‍ പട്ടിയും മുറിയ്ക്കുള്ളിലുണ്ടായിരുന്നെന്നാണ് വിവരം.
കൈഞരമ്പ് മുറിച്ചു രക്തം വാര്‍ന്നാണ് മരണം എന്നാണ് പൊലീസ് പ്രാഥമികമായി പറയുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളുണ്ട്. എളമക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.