ഗര്‍ഭിണിയെ മര്‍ദിച്ചതിന് സസ്പെന്‍ഷനിലായ മിന്നല്‍ പ്രതാപന്‍ എന്ന ഇന്‍സ്പെക്ടര്‍ കെ.ജി പ്രതാപചന്ദ്രന് നാട്ടുകാരെ കയ്യേറ്റം ചെയ്യുന്നത് ഹരമെന്ന് അനുഭവസ്ഥര്‍ പറയുന്നു. സസ്പെന്‍ഷനിലായതിനു പിന്നാലെ പ്രതാപനെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി.
രണ്ടുവര്‍ഷം മുമ്പ് എറണാകുളം നോര്‍ത്ത് പാലത്തിനു താഴെ വച്ചാണ് കാക്കനാട് തുതിയൂര്‍ സ്വദേശി റെനീഷിന് മിന്നല്‍ പ്രതാപന്‍റെ അടിയേറ്റത്. വെയില്‍ കൊള്ളാതെ പാലത്തിന് താഴെയിരുന്ന റെനീഷിനോട് കാക്കനാടുള്ളവന് എറണാകുളത്തെന്തു കാര്യമെന്നായിരുന്നു പൊലീസിന്‍റെ ചോദ്യം. കാക്കനാടുള്ളവന് എറണാകുളത്ത് പാലത്തിനുതാഴെ ഇരിക്കാന്‍ പറ്റില്ലെന്ന് അറിയത്തില്ലാരുന്നു സാറെ എന്ന റെനീഷിന്‍റെ മറുപടിയിലാണ് പ്രതാപന്‍ കോപിച്ചത്.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊക്കെ പ്രതാപനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീടെന്തുണ്ടായി എന്ന് റെനീഷിന് അറിയില്ല. കൊച്ചിയില്‍ പൊലീസിനെ ആക്രമിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ സനൂപിനും സുഹൃത്തുക്കള്‍ക്കും പ്രതാപചന്ദ്രനില്‍ നിന്ന് ദുരനുഭവമുണ്ടായി. സിനിമ ഷൂട്ടിങ്ങിനെത്തിയ സംഘം അർധരാത്രി ചായ കുടിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു പൊലിസ് നടപടി. സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തത് പ്രതാപചന്ദ്രന് പിടിച്ചില്ല. ലഹരിമാഫിയ സംഘമെന്ന് ആരോപിച്ച് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്നാണ് സനൂപിന്‍റെ ആരോപണം.