നടിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്‌പോർട്ട് നടൻ ദിലീപിന് തിരിച്ചുനൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിൽ ദിലീപ് കുറ്റവിമുക്തനായ പശ്ചാത്തലത്തിൽ പാസ്‌പോർട്ട് സ്ഥിരമായി വിട്ടുനൽകണമെന്ന ദിലീപിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചു.

കേസിന്‍റെ വിചാരണയുടെ സമയത്ത്  ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ്  പാസ്‌പോർട്ട് കോടതിയിൽ സമര്‍പ്പിച്ചത്. മുൻപ് പലതവണ വിദേശയാത്രകൾക്കായി ദിലീപ് പാസ്‌പോർട്ട് അപേക്ഷ നൽകി വാങ്ങിയിരുന്നെങ്കിലും യാത്രയ്ക്ക് ശേഷം തിരികെ കോടതിയിൽ ഏൽപ്പിക്കണമായിരുന്നു. എന്നാൽ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിനെ കേസിൽ കുറ്റവിമുക്തനാക്കിയതോടെ നിലവിലുണ്ടായിരുന്ന ജാമ്യബോണ്ടുകളും അനുബന്ധ വ്യവസ്ഥകളും ഇല്ലാതായെന്ന് കോടതി നിരീക്ഷിച്ചു.

കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സർക്കാർ മേൽക്കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുകയാണെന്നും അതിനാൽ പാസ്‌പോർട്ട് വിട്ടുനൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി. നിലവിൽ വിചാരണാ കോടതി കുറ്റവിമുക്തനാക്കിയ ഒരാൾക്ക് പാസ്‌പോർട്ട് തടഞ്ഞുവെക്കാൻ നിയമപരമായ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി.

ദിലീപിന്‍റെ പുതിയ ബിഗ് ബജറ്റ് ചിത്രം 'ഭ ഭ ബ'   ഇന്ന് റിലീസ് ചെയ്തു. സിനിമയുടെ വിദേശത്തെ പ്രമോഷൻ പരിപാടികളിലും വിതരണവുമായി ബന്ധപ്പെട്ട ചർച്ചകളിലും പങ്കെടുക്കാൻ പാസ്‌പോർട്ട് അത്യാവശ്യമാണെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. പ്രമോഷന്‍റെ ഭാഗമായി യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും എത്രയും വേഗം പാസ്‌പോർട്ട് വിട്ടുനൽകണമെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം. പാസ്പോര്‍ട്ട് വിട്ടുനല്‍കിയതോടെ  ഇനിമുതല്‍ വിദേശയാത്രയ്ക്കായി കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടതില്ല.

ENGLISH SUMMARY:

Dileep passport is now returned to the actor by the Ernakulam Principal Sessions Court following his acquittal in the actress assault case. The court's decision allows Dileep to travel abroad without seeking permission for each trip.