നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍റെ വിശ്വസനീയ സാക്ഷി സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളടക്കം വിചാരണകോടതിയില്‍ ഒന്നൊന്നായി പൊളിഞ്ഞുവീണു. മൊഴികളിലെ വൈരുദ്ധ്യവും, തെളിവുകളുടെ അഭാവവും അന്വേഷണത്തിലെ വീഴ്ചയും ബാലചന്ദ്രകുമാറിനെ കോടതി അവിശ്വസിക്കാന്‍ കാരണമായി.
സ്റ്റെര്‍ലിങ് വിറ്റ്നസ് - മൊഴി നിഷേധിക്കാനാവാത്ത വണ്ണം വിശ്വസനീയ സാക്ഷിയെന്ന് പ്രോസിക്യൂഷന്‍ അവതരിപ്പിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കെട്ടിചമച്ച സാക്ഷിയെന്നാണ് പ്രതിഭാഗം വിശേഷിപ്പിച്ചത്. ദിലീപിനെതിരായ വെളിപ്പെടുത്തലുകളില്‍ ബാലചന്ദ്രകുമാറിന്‍റ മൊഴികളില്‍ തന്നെ വലിയ വൈരുദ്ധ്യങ്ങള്‍ കോടതി കണ്ടെത്തി. 2021 ഡിസംബര്‍ 29ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ഡിസംബര്‍ 25ന് ബാചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാലാണ് ചാനലിന് അഭിമുഖം നല്‍കിയതെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. 2021 നവംബര്‍ 25നാണ് ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഒരു മാസത്തിന് ശേഷമായിരുന്നു ചാനലിലെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിന് ഒരു മാസം മുന്‍പ് തന്നെ ദിലീപിനെതിരെ നിര്‍ണായക തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രകുമാര്‍ മറ്റ് ചാനലുകളെ സമീപിച്ചിരുന്നു. ബാലചന്ദ്രകുമാറിന്‍റെ ഫോണില്‍ നിന്ന് തന്നെ ഇത് സംബന്ധിച്ച തെളിവുകളും ലഭിച്ചു. തനിക്ക് ഭീഷണിയുണ്ടെന്ന് ദിലീപിന്‍റെ വീട്ടിലെ കെയര്‍ടേക്കര്‍ ദാസന്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മറ്റൊരു വാദം. 2021 ഒക്ടോബര്‍ 26നാണ് ദാസന്‍ തന്നെ വിളിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി എന്നാല്‍ 2020 ഡിസംബറില്‍ തന്നെ ദാസന്‍ ദിലീപിന്‍റെ വീട്ടിലെ ജോലി ഉപേക്ഷിച്ചിരുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. 2016 ഡിസംബര്‍ 26ന് പള്‍സര്‍ സുനി ദിലീപിന്‍റെ വീട്ടിലെത്തിയെന്നും. ദിലീപ് പള്‍സര്‍ സുനിക്ക് പണം കൈമാറിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ ഒരു വെളിപ്പെടുത്തല്‍. തൊട്ടു തലേന്ന് ക്രിസ്മസ് ദിനത്തില്‍ ദിലീപിന്‍റെ ഗൃഹപ്രവേശന ചടങ്ങാണെന്ന് അതിന്‍റെ പിറ്റേന്നാണ് പോയതെന്നുമാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി.എന്നാല്‍ അങ്ങനെയൊരു ചടങ്ങ് നടന്നില്ലെന്ന് പ്രതിഭാവം വാദിച്ചു. അങ്ങനെയൊരു ചടങ്ങ് നടന്നിരുന്നോ എന്ന് അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് മിനക്കെട്ടില്ല. ഇതേ കുറിച്ച് അന്വേഷിച്ചില്ലെന്ന് ബൈജു പൗലോസ് തന്നെയാണ് കോടതിയില്‍ പറഞ്ഞത്. അന്വേഷണ സംഘത്തിന് ഇതിന്‍റെ വസ്തുത അന്വഷിക്കാന്‍ എളുപ്പമായിരുന്നിട്ടും അതുണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു. 2013 മുതല്‍ 2017 നവംബര്‍ വരെയുള്ള കാലയളവിലാണ് ദിലീപും പള്‍സര്‍ സുനിയും നേരില്‍ കണ്ട് നടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. കുറ്റപത്രത്തിലടക്കം ഇത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പ്രകാരം ദിലീപ് പള്‍സര്‍ സുനി കൂടിക്കാഴ്ച ഇതിന് ശേഷമാണ്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഒരുഘട്ടത്തിലും പള്‍സര്‍ സുനി ഈ കൂടിക്കാഴ്ച സംബന്ധിച്ച് മൊഴി നല്‍കിയിട്ടില്ല. മറ്റ് കൂടിക്കാഴ്ചകളെ കുറിച്ചും പണം കൈമാറിയത് സംബന്ധിച്ചും മൊഴി നല്‍കിയിട്ടുള്ള സുനി ഈ കൂടിക്കാഴ്ചയെ കുറിച്ച് അന്ന് പറയാതിരുന്നത് സംശയകരമാണെന്നും കോടതി വിലയിരുത്തി. അന്നേ ദിവസം ദിലീപിന്‍റെ വീട്ടില്‍ ബാലചന്ദ്രകുമാര്‍ എത്തിയതിന് തെളിവായി ഒന്നിച്ചുള്ള സെല്‍ഫിയും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഫോട്ടോ എടുത്ത സമയം 5.59 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ മൊഴി പ്രകാരം ദിലീപിനെ കണ്ടത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍. ബാലചന്ദ്രകുമാര്‍ ദിലീപിന്‍റെ വീട്ടിലെത്തിയതിന് ചിത്രം നിര്‍ണായക തെളിവായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ ചിത്രത്തെ കുറിച്ച് ബാലചന്ദ്രകുമാറിനോട് ചോദിച്ചിട്ടേയില്ല. ചിത്രം എടുത്തത് എവിടെ നിനെന്ന് അന്വേഷിക്കാന്‍ ബൈജു പൗലോസ് തയ്യാറായില്ല. കോടതി തന്നെയാണ് ഇത് പരിശോധിച്ച് ദിലീപിന്‍റെ വീടാണെന്നും ചിത്രം പകര്‍ത്തിയത് 2016 ഡിസംബര്‍ 26നാണെന്നും സ്ഥിരീകരിച്ചത്. അന്വേഷണത്തിലെ ഇത്തരം വീഴ്ചകൾ കാരണം ദിലീപും പള്‍സര്‍ സുനിയും തമ്മിൽ കൂടിക്കാഴ്ച നടന്നു എന്നത് തെളിയിക്കാനായില്ലെ കോടതി കണ്ടെത്തി.