എസ്ഐആര്‍ കണക്കെടുപ്പിന്റെ അവസാന ഘട്ടമായപ്പോൾ സംസ്ഥാനത്ത് പത്ത് ശതമാനത്തോളം വോട്ടർമാർ കരട് പട്ടികയിൽ ഉണ്ടാകില്ല . ഇരുപത്തിയഞ്ച് ലക്ഷത്തി ആയിരത്തിപ്പന്ത്രണ്ട് വോട്ടർമാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിൽ 6.44 ലക്ഷം പേർ മരണമടഞ്ഞതായി കണ്ടെത്തി. 7, 11,958 പേരെ കണ്ടെത്താനായിട്ടില്ല. 1.93 ലക്ഷം പേർ ഫോം തിരികെ തരാൻ വിസ്സമ്മതിച്ചവരാണ്. കണ്ടെത്താൻ കഴിയാത്തവർ , സ്ഥിരം താമസം മാറിയവർ എന്നിവരെ ഡ്രാഫ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ആവശ്യമുയര്‍ന്നു. ഇതുവരെ കണ്ടെത്താനാവാത്ത 25 ലക്ഷംവോട്ടർമാരുടെ പേര് ഉടൻ ബിഎല്‍ഒമാർക്ക് പരിശോധനക്ക് കൈമാറുമെന്ന് ഡോ. രത്തൻ ഖേൽക്കർ പറഞ്ഞു.
മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ എന്നിവരാണു പട്ടികയ്ക്കു പുറത്താകുന്നത്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തർക്കമുള്ളവർക്കു രേഖകൾ ഹാജരാക്കി വോട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർ അറിയിച്ചു. അതേസമയം, കണക്കുകളിൽ വ്യക്തതയില്ലെന്നും എസ്‌ഐആർ നടപടികളുടെ കാലാവധി വീണ്ടും നീട്ടണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷക്കരണം നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തിരുന്നു. എസ്ഐആര്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സംസാരിച്ച മനീഷ് തിവാരി ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തണം. ഇവിഎം മെഷീനുകളുടെ വിശ്വാസ്യതയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും മനീഷ് തിവാരി പറഞ്ഞു.