ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ടു. 15 ദിവസത്തെ ഒളിവ് അവസാനിപ്പിച്ച് പാലക്കാട്ടെത്തിയ അദ്ദേഹം കുന്നത്തൂർമേട് നോർത്ത് വാർഡ് ബൂത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് നാലേമുക്കാലോടെ പോളിങ് ബൂത്തിലെത്തിയ രാഹുൽ, വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് അധികം സംസാരിക്കാൻ തയ്യാറായില്ല.
ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: "എനിക്ക് പറയാനുള്ളതെല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ട്. എനിക്ക് പ്രതികൂലമായ കാര്യങ്ങളും കോടതിയിലുണ്ട്. ഇനി കോടതിയാണ് തീരുമാനിക്കേണ്ടത്."
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ സമീപത്തെ ചായക്കടയിൽ കയറി വോട്ടർമാർക്കൊപ്പം സമയം ചെലവഴിച്ചു. താൻ ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം അദ്ദേഹം എം.എൽ.എ. ഓഫീസിലെത്തി. ഓഫീസിന് മുന്നിലെ വീട്ടിലെത്തി കുശലം പറയുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇക്ബാലും ഉണ്ടായിരുന്നു. "പാലക്കാട് എം.എൽ.എക്ക് ഒപ്പമുണ്ടാകുമെ"ന്നാണ് ഇക്ബാൽ പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധ സൂചകമായി പ്രവർത്തകർ പൂവൻ കോഴിയുടെ ചിത്രം ഉയർത്തിക്കാട്ടി. വോട്ട് രേഖപ്പെടുത്തി രാഹുൽ മടങ്ങുമ്പോൾ വാഹനം തടയാനും പ്രതിഷേധക്കാർ ശ്രമിച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.