പാലക്കാട് കലാശക്കൊട്ടിനിടെ അഭ്യാസം കാണിച്ച യു‍ഡിഎഫ് പ്രവര്‍ത്തകന് പരുക്ക്. അമിതാവേശത്തില്‍ സ്വകാര്യബസിന്റെ മുകളിൽ നിന്നും ബാക്ക് ഫ്ലിപ്പ് ചെയ്യുകയായിരുന്നു യുവാവ്. തരൂർ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിൽ നടന്ന കലാശക്കൊട്ടിനിടെയാണ് സംഭവം. പരുക്കേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലപ്പുറത്തും പാലക്കാടും കണ്ണൂരും കാസര്‍കോടും കലാശക്കൊട്ടിനിടെ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. എങ്കിലും പൊലീസ് സമയോചിതമായി ഇടപ്പെട്ടതോടെ കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് പോയില്ല. മലപ്പുറത്ത് പൂക്കോട്ടൂർ പള്ളിമുക്കിൽ യുഡിഎഫ്– എൽഡിഎഫ് പ്രവർത്തകർ തമ്മില്‍ കയ്യാങ്കളിയുണ്ടായി. അരീക്കോടിനടുത്ത് മുണ്ടമ്പ്രയിലും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റമുട്ടി. പാലക്കാട് തെങ്കരയില്‍ യുഡിഎഫ് എല്‍‍ഡിഎഫ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ എത്തിയതോടെ പൊലീസ് ലാത്തി വീശി. കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഫ്ലക്സ് വച്ചതിനെചൊല്ലിയും സംഘര്‍ഷമുണ്ടായി. കാസർകോട് തൃക്കരിപ്പൂരിൽ ബിജെപി സിപിഎം പ്രകടനങ്ങൾ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞത് ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചു. 

അതേസമയം, കോഴിക്കോട് സമാധാനപരമായിരുന്നു കലാശക്കൊട്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകരയിലെ ചില മേഖലകളില്‍ ഒരു മണിക്കൂര്‍ മുമ്പെ പരസ്യപ്രചാരണം കൊട്ടിയിറങ്ങി. വയനാട്, കൽപ്പറ്റ ടൗണിൽ മൂന്ന് മുന്നണികളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലാശക്കൊട്ടിൽ മുഖാമുഖം അണിനിരന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പുലികളിയും പൂക്കാവടിയും ഡിജെ മ്യൂസിക്കും ഡാന്‍സും ഒപ്പം ശിങ്കാരിമേളവും ചേര്‍ന്ന് തനത് ശൈലിയായിരുന്നു തൃശൂരിന്‍റെ ആഘോഷം. 

ENGLISH SUMMARY:

A UDF worker sustained injuries after attempting a risky backflip from a private bus during the chaotic election closing rally (Kalashakottu) in Palakkad’s Tarur. While police successfully contained minor clashes between rival fronts in districts like Malappuram, Kannur, and Kasaragod. In Palakkad, police used a mild lathicharge to disperse workers in Tenkara. The article also highlights peaceful rallies in Kozhikode and Thrissur's vibrant celebration style, as the election campaign officially concluded.