നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പ്രതികരിച്ച് ഉമാ തോമസ് എംഎൽഎ. പി.ടി. തോമസിന്റെ ആത്മാവ് ഈ വിധിയിൽ ഒരിക്കലും തൃപ്തമാകില്ല എന്നാണ് ഫേസ്‌ബുക്കിൽ ഉമാ തോമസ് കുറിച്ചത്. അതിജീവിത പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമാണെന്നും ഉമാ തോമസ് കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയു.ടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം'.
പെണ്‍കുട്ടിക്ക് അനുകൂലമായി വിധിയുണ്ടാകുമെന്നതില്‍ തനിക്ക് 50–50 പ്രതീക്ഷയേയുള്ളൂവെന്നായിരുന്നു രാവിലെ എംഎല്‍എ പ്രതികരിച്ചത്. നിര്‍ണായക മൊഴി നല്‍കിയതിനും അതിജീവിതയെ പിന്തുണച്ചതിനും പിന്നാലെ പി.ടി.െയ ഇല്ലാതാക്കാന്‍ പലനീക്കങ്ങളും നടന്നിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. കാര്‍ സര്‍വീസിന് കൊടുത്ത് അടുത്ത ദിവസം യാത്ര ചെയ്യുമ്പോള്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന് ഉമ തോമസ് വെളിപ്പെടുത്തിയിരുന്നു. ഒരു വഴിയാത്രക്കാരന്‍റെ ജാഗ്രതയാണ് ജീവന്‍ രക്ഷിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.
'ഒരു യാത്രക്കാരന്‍ കുട നിവര്‍ത്തി കാറിന് നേരെ നീട്ടിക്കാണിച്ചു. കാര്‍ നിര്‍ത്തിയപ്പോള്‍ കാര്‍ പുളയുന്നുണ്ടെന്ന് പറഞ്ഞു. ഇത് കേട്ട് പരിശോധിച്ചപ്പോഴാണ് നാലു വീലിന്‍റെയും ബോള്‍ട്ടുകള്‍ ഇളക്കിയ നിലയിലായിരുന്നു'- എംഎല്‍എ പറയുന്നു. മകളെപ്പോലെ തന്നെയാണ് പി.ടി. പെണ്‍കുട്ടിയെ കണ്ടിരുന്നതെന്നും പ്രതി പരോളില്‍ ഇറങ്ങിയപ്പോള്‍ ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചുപോകുമോയെന്ന് താന്‍ ഭയന്നിരുന്നുവെന്നും അവര്‍ ആശങ്കപ്പെട്ടതും പങ്കുവച്ചു.