നടിയെ അക്രമിച്ച കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നായിരുന്നു വിധി പ്രഖ്യാപിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ആദ്യആറുപ്രതികളും കുറ്റക്കാരാണെന്നായിരുന്നു കോടതി വിധി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് എട്ടുവർഷവും എട്ടുമാസവും പിന്നിടുമ്പോഴാണ് നിർണായകമായ ഉത്തരവ് പുറത്തുവരുന്നത്. ഈ കാലമത്രയും അതിജീവിതയ്ക്ക് വേണ്ടി പൊരുതിയ ആളാണ് പ്രോസിക്യൂഷന്‍റെ അഭിഭാഷകയായ ടി.ബി.മിനി.
എട്ട് വര്‍ഷവും അതിജീവിതക്ക് വേണ്ടി വാദിക്കാന്‍ ഒരു രൂപ പോലും കൈപറ്റിയിട്ടില്ലെന്നാണ് മിനി വ്യക്തമാക്കുന്നത്. അതിജീവിതയല്ല സര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടതെന്നും മിനി പറഞ്ഞു. വിധി വരുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മിനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇരയായ പെണ്‍കുട്ടിയെക്കൊണ്ട് കാശ് ചെലവാക്കിക്കുന്നത് ശരിയല്ലെന്നാണ് എന്‍റെ നിലപാട്. അവര്‍ക്കുവേണ്ടി ഗവണ്‍മെന്‍റ് ചെയ്യണം. ഇത്തരത്തില്‍ വലിയ അനീതിക്ക് ഇരയാകുന്നവരില്‍ നിന്നും പണം വാങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നാണ് മിനി കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
അതിജീവിതക്കുവേണ്ടി വക്കാലത്ത് ഇടാന്‍ പോലും കേരളത്തിലെ അഭിഭാഷകര്‍ തയാറായില്ലെന്നും അങ്ങനെയാണ് താന്‍ ഈ കേസ് ഏറ്റെടുത്തതെന്നും മിനി വ്യക്തമാക്കിയിരുന്നു. പറവൂർ പീഡന കേസിലും സൂര്യനെല്ലി കേസിലും പെരുമ്പാവൂര്‍ ജിഷ വധക്കേസിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ.ടി.ബി.മിനി ആയിരുന്നു.