ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് . കൊല്ലം വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും ഇന്നു പരിഗണിക്കും. കുറ്റം ചെയ്തിട്ടില്ലെന്നും നടപ്പാക്കിയത് ബോര്‍ഡിന്‍റെ തീരുമാനമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ബോര്‍ഡിന്‍റെ തീരുമാനത്തില്‍ താന്‍ മാത്രമെങ്ങനെ കുറ്റക്കാരനാകുമെന്നാണ് പത്മകുമാറിന്റെ ചോദ്യം. ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ പ്രസിഡന്‍റാകും മുന്‍പ് ശബരിമലയിലെത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രായമായ ആളെന്ന പരിഗണനവേണമെന്നും ജാമ്യാപേക്ഷയിലുണ്ട്. റിമാന്‍ഡ് കാലാവധി കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍.വാസുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ശബരിമലയിലെ സ്വർണം നഷ്ടമായതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) ലഭിച്ചു. തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തിൽ സ്വർണം പൂശണമെന്നാണ് ദേവസ്വം ബോർഡ് അംഗങ്ങൾ ഒപ്പിട്ട്, പ്രിന്റ് ചെയ്ത മിനിറ്റ്സിൽ ഉണ്ടായിരുന്നത്. ഇതിൽ പച്ച മഷികൊണ്ട് സ്വർണം ‘കൊണ്ടുപോയി പൂശുന്നതിന്’ എന്ന് എഴുതിച്ചേർത്ത് പത്മകുമാർ ഒപ്പിട്ടതായി എസ്ഐടി കണ്ടെത്തിയെന്നാണറിയുന്നത്. മിനിറ്റ്സിലെ കയ്യക്ഷരം ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കും.
ബോർഡ് അംഗങ്ങൾ ഒപ്പിട്ടശേഷം തിരുത്തൽ ആവശ്യമാണെങ്കിൽ അന്തിമ മിനിറ്റ്സിൽ വീണ്ടും പ്രസിഡന്റിനൊപ്പം മറ്റ് അംഗങ്ങളുടെയും ഒപ്പ് വാങ്ങേണ്ടതാണ്. എന്നാൽ, ഇവിടെ അതുണ്ടായില്ല. അംഗങ്ങൾ അറിയാതെ പത്മകുമാർ നേരിട്ട് ഇടപെട്ട് സ്വർണം പുറത്തെത്തിക്കാൻ നീക്കം നടത്തുകയായിരുന്നോ എന്നും എസ്ഐടി അന്വേഷിക്കും. സ്വർണം പുറത്തുകൊണ്ടുപോയി പൂശണമെന്ന പരാമർശം തങ്ങൾ ഒപ്പിട്ട മിനിറ്റ്സിൽ ഉണ്ടായിരുന്നില്ലെന്ന് ബോർഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസും പി.വിജയകുമാറും ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു. പത്മകുമാറിന്റെ തിരുത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തുകൊണ്ടുപോകാനുള്ള തീരുമാനമറിയിച്ച് ബോർഡ് സെക്രട്ടറി അന്തിമ ഉത്തരവിറക്കിയത്.
ദ്വാരപാലകശിൽപവുമായി ബന്ധപ്പെട്ട കേസിലും പത്മകുമാർ സമാന ഇടപെടൽ നടത്തിയെന്ന് മൊഴിയുണ്ട്. പുറത്തു കൊണ്ടുപോയി സ്വർണം പൂശണമെന്ന് എഴുതാൻ പത്മകുമാർ നിർദേശിച്ചെന്നും പ്രസിഡന്റ് ആവർത്തിച്ചു പറഞ്ഞതിനെ തുടർന്നാണ് മിനിറ്റ്സിൽ ഇല്ലാത്ത കാര്യം കൂടി ചേർത്ത് ഉത്തരവിറക്കിയതെന്നും ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീയാണ് മൊഴി നൽകിയത്.