jayarajan-indigo

ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജന്‍. ഇന്‍ഡിഗോയുടെ പ്രവൃത്തി ശരിയല്ലെന്ന് തനിക്ക് പണ്ടേ തോന്നിയാതാണെന്നും, ഇന്‍ഡിഗോയെ ശപിച്ചിട്ടുണ്ടെന്നും ഇ.പി പറയുന്നു. ഇന്‍ഡിഗോയുമായുള്ള തന്‍റെ പ്രശ്നം അവസാനിച്ചിട്ടില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും ഇ.പി.ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം ഇൻഡിഗോയെ താൻ പ്രാകിയിട്ടുണ്ടെന്നും തന്‍റെ പ്രാക്ക് ഏറ്റതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇ.പി.ജയരാജന്‍ ചൂണ്ടിക്കാട്ടി. ‘ഇൻഡിഗോ, നിങ്ങൾ നന്നാവൂ’ എന്ന് ഉപദേശിച്ച ഇ.പി വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഇൻഡിഗോയെ വീണ്ടും ആശ്രയിച്ചതെന്നും വ്യക്തമാക്കി. വിമാന ടിക്കറ്റ് ഇനത്തിൽ ഇൻഡിഗോ വൻ കൊയ്ത്ത് നടത്തുന്നു എന്നും കേന്ദ്രസർക്കാർ ഇതിൽ ഇടപെടുന്നില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

വിമാനത്തിൽ വച്ച് മറ്റ് യാത്രക്കാരെ കയ്യേറ്റം ചെയ്തതിന്‍റെ പേരിൽ ഇൻഡിഗോ മുന്‍പ് ഇ.പി.ജയരാജനെ വിലക്കിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചപ്പോഴുണ്ടായ ബലപ്രയോഗത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനുശേഷം ജീവിതത്തിലൊരിക്കലും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് ജയരാജൻ പ്രഖ്യാപിച്ചിരുന്നു. 

വിമാനയാത്ര ബഹിഷ്കരിച്ച് ട്രെയിനില്‍ പോകാൻ തിരുവനന്തപുരത്തെത്തിയപ്പോൾ ഇൻഡിഗോ ഭാവിയിൽ തകർന്നുപോയേക്കാമെന്നും ജയരാജൻ അന്ന് മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. പൈലറ്റുമാരുടെ ഡ്യൂട്ടിസമയം പരിമിതപ്പെടുത്തിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഇൻഡിഗോ വിമാനക്കമ്പനി പെടാപ്പാട് പെടുമ്പോൾ മൂന്നുവർഷം മുൻപത്തെ ഇ.പി.ജയരാജന്‍റെ ഈ വാക്കുകള്‍ വീണ്ടും ചർച്ചയായിരുന്നു. 

ENGLISH SUMMARY:

E.P. Jayarajan criticizes Indigo Airlines, stating he believes the airline's practices are flawed. The CPM leader expresses his continued dissatisfaction and urges Indigo to rectify its mistakes, while also commenting on high ticket prices.