നടിയെ ആക്രമിച്ച കേസിൽ പ്രതിയായതോടെയാണ് അതുവരെ മലയാള സിനിമാലോകം നിയന്ത്രിച്ചിരുന്ന ദിലീപിന്‍റെ വീഴ്ച തുടങ്ങിയത്. സിനിമാസംഘടനകളിലും സമൂഹത്തിലും ദിലീപ് ഒറ്റപ്പെട്ടപ്പോൾ നടിയെ ആക്രമിച്ച കേസിന് മുൻപും ശേഷവും എന്ന നിലയിലായി മലയാള സിനിമാലോകത്തിന്‍റെ ചരിത്രം.
ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ ചേർന്ന സിനിമാപ്രവർത്തകരുടെ കൂട്ടായ്മയിൽ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് മഞ്ജു വാരിയർ. അതേ യോഗത്തിൽ പങ്കെടുത്ത ദിലീപിനുമേൽ അന്നേ സംശയമുന നീണ്ടു, ആരോപണങ്ങളും.
കേസിൽ ബന്ധപ്പെടുത്താതിരിക്കാൻ വിഷ്ണു എന്നയാൾ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ച് ഡിജിപിക്ക് ദിലീപ് പരാതി നൽകി. ദിലീപിനെതിരെ നീണ്ട സംശയമുനയ്ക്ക് ബലം വയ്ക്കുന്ന സാഹചര്യങ്ങൾ. സിനിമയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നതിനിടെ സിനിമയ്ക്കുള്ളിൽ സ്ത്രീകൾക്കായി പുതിയ സംഘടന പ്രഖ്യാപിക്കപ്പെട്ടു. മഞ്ജുവാരിയറും പാർവതിയും റിമയും ഉൾപ്പെടുന്ന പതിനെട്ടുപേർ മുഖ്യമന്ത്രിയെ കണ്ടു.
ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തതോടെ പൊതുസമൂഹത്തിന്‍റെയും സിനിമാലോകത്തിന്‍റെയും സംശയം ദിലീപിലേക്ക് ദൃഢമായി. ആ സംശയം അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ ചോദ്യമാക്കിയ മാധ്യമപവർത്തകരെ എതിർക്കാൻ ഭരണസമിതിയൊന്നടങ്കം രംഗത്തെത്തി. അതേദിവസം ദിലീപ് ചെയർമാനായി രൂപീകരിച്ച പുതിയ തിയറ്റർ സംഘടന ഫിയോക്കിന്‍റെ ഉദ്ഘാടനവും കൊച്ചിയിൽ നടന്നു. അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞ് അമ്മ ദിലീപിനെ പ്രതിരോധിച്ചതോടെ പൊതുസമൂഹവും സിനിമയ്ക്കുള്ളിലെ വനിതാ കൂട്ടായ്മയും നിലപാട് കടുപ്പിച്ചു.
ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയ തെളിവുലഭിച്ചതിന് പിന്നാലെ ദിലീപ് അറസ്റ്റിൽ. റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചതിനൊപ്പം സിനിമാലോകത്ത് നടനെതിരെ രോഷം അണപൊട്ടി. മമ്മൂട്ടിയുടെ വീട്ടിൽ മോഹൻലാലും പൃഥ്വിരാജും രമ്യ നമ്പീശനും എല്ലാം ഉൾപ്പെടുന്ന വിപുലമായ യോഗം. ദിലീപിനെ പുറത്താക്കിയെന്ന പ്രഖ്യാപനം. ഫിയോക് ഉൾപ്പെടെയുള്ള സംഘടനകളിൽനിന്നും ദിലീപ് പുറത്തായി.
അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ പ്രത്യേക അനുമതിയോടെ ദിലീപ് പുറത്തിറങ്ങുമ്പോൾ റിലീസ് കാത്തിരുന്ന രാമലീല എന്ന ചിത്രം പരാജയപ്പെടുത്തണമെന്ന സൈബർ ആഹ്വാനങ്ങളും വ്യാപകമായിരുന്നു. രാമലീല തിയറ്ററുകളിൽ. ദിലീപിനെതിരായ ആരോപണങ്ങൾക്കും ജയിൽവാസത്തിനും ഇടയിലായിരുന്നു രാമലീലയുടെ വിജയം .
ജാമ്യം കിട്ടി പുറത്തുവരുമ്പോൾ സ്വീകരിക്കാനെത്തി ആരാധകർ. പക്ഷെ പിന്നീടങ്ങോട്ട് കേരളം കണ്ടത് നായകന്‍റെ നിലനിൽപിനായുള്ള പോരാട്ടമാണ്. ഇതിനിടെ മലയാളസിനിമയിൽ സ്ത്രീകൾ തുടക്കമിട്ട വിമൻ ഇൻ സിനിമ കലക്ടീവ് എന്ന വിപ്ളവം ഇതരമേഖലകളിലേക്കും വ്യാപിച്ചതും നടിയെ ആക്രമിച്ച കേസിന്‍റെ പിന്തുടർച്ചയാണ്.