എസ്.ഐ.ആര്‍ ഫോം വിതരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അരക്കോടിയോളം വോട്ടര്‍മാര്‍ ഹിയറിങിന് ഹാജരാകേണ്ടിവരുമെന്ന ആശങ്ക ഉയരുന്നു. ഒാരോ ബൂത്തിലും 100 നും 500 നും ഇടക്ക് വോട്ടര്‍മാര്‍ ഫോമുകളില്‍ മുഴുവന്‍വിവരങ്ങളും നല്‍കാതെയാണ് ഒപ്പിട്ടു നല്‍കിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.ഇതിനും പുറമെ 20.75 ലക്ഷം വോട്ടര്‍മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അറിയിച്ചു.
ആകെ വോട്ടര്‍മാരുടെ 7.5 ശതമാനം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 20.75 ലക്ഷം പേരുടെ വിവരങ്ങള്‍ ലഭ്യമല്ല. ഇതില്‍ 5,66,182 പേര്‍ എവിടെയെന്നുപോലും അറിയില്ലെന്നാണ് ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനും പുറമെയാണ് ഒാരോ ബൂത്തിലും 100 നും 500 ഇടക്ക് ഫോമുകള്‍ അപൂര്‍ണമാണെന്ന വിവരം പുറത്തുവരുന്നത്. മിക്കപേര്‍ക്കും 2002 ലെവോട്ടര്‍പട്ടികയിലുള്ള അടുത്ത ബന്ധുവിന്‍റെ വിവരങ്ങളും അവരുടെ വിശദ വിവരങ്ങളും പൂരിപ്പിക്കാനായിട്ടില്ല. ഒരു ബൂത്തില്‍ ശരാശരി 200 ഫോമുകളെങ്കിലും അപൂര്‍ണമാണെങ്കില്‍ തിരിച്ചറിയല്‍രേഖകളുമായി ഹിയറിങിന് എത്തേണ്ടവരുടെ എണ്ണം അന്‍പതുലക്ഷത്തോളമെത്തും.
തിരിച്ചറിയല്‍രേഖകളില്ലാത്തവരുടെ പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുകയല്ലേ എന്നായിരുന്നു മുസ് ലിം ലീഗ് ഉയര്‍ത്തിയ ചോദ്യം. എസ്.ഐ.ആറിന്‍റെ സമയം നീട്ടിനല്‍കണമെന്നും ഹിയറിങിന് ഒരുമാസം സമയം തികയില്ലെന്നും ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍വിളിച്ച യോഗത്തില്‍ ആവശ്യപ്പെട്ടു. എസ്.ഐ.ആര്‍ വിശദീകരിക്കാന്‍ പ്രവാസി സംഘടനകളുടെയോഗം വിളിക്കണമെന്ന ആവശ്യം മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ അംഗീകരിച്ചു.