ലൈംഗികാതിക്രമ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അടച്ചിട്ട കോടതിയിലായിരുന്നു വാദം. അഭിഭാഷകര്‍ മാത്രമാണ് കോടതിയിലുള്ളത്. മുന്‍കൂര്‍ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. രാഹുല്‍ ഒളിവിലാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. അതേസമയം ബലാല്‍സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു രാഹുലിന്‍റെ മറുവാദം. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോടതി ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചു. പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. കോടതി വാദംകേട്ടത് ഒന്നേമുക്കാല്‍ മണിക്കൂറാണ്.
യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പൂര്‍ണമായും വസ്തുതയില്ലെന്ന് തെളിയിക്കാന്‍ രണ്ട് ഘട്ടങ്ങളിലായി പെന്‍ഡ്രൈവിലാക്കി വിപുലമായ തെളിവുകള്‍ രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സൈബര്‍ തെളിവുകളും വാട്സ് ആപ്പ് ചാറ്റുകളും ഓഡിയോ റെക്കോര്‍ഡിങുമാണ് രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയത്. അതേസമയം രാഹുലിനെതിരെ മറ്റൊരു യുവതി കൂടി സമാനപരാതി നല്‍കിയത് പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്നത് കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാട് നേതൃനിരയില്‍ തന്നെയുണ്ട് . തുടര്‍നടപടി പാര്‍ട്ടി ആലോചിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ‘കൂട്ടായനേതൃത്വം ചര്‍ച്ചചെയ്ത് തീരുമാനിക്കും. പാര്‍ട്ടി പ്രതിരോധത്തിലല്ല. എ.കെ.ജി സെന്‍ററില്‍ എത്ര സ്ത്രീകളുടെ പരാതിയുണ്ടെന്നും CPM എന്തെങ്കിലും ചെയ്തോയെന്നും സതീശന്‍ ഇടുക്കിയില്‍ ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രണ്ടാമത്തെ അതിജീവിതയുടെ പരാതിയില്‍ വ്യക്തത ഇല്ലാതിരുന്നിട്ടും നിയമപരമായ നടപടിയെടുക്കാന്‍ പാര്‍ട്ടി തയാറായെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.