മൊബൈൽ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷം. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണെന്ന് എം.പിമാർ ആരോപിച്ചു. എന്നാൽ, ആപ്പ് ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാനാവുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു.
രാജ്യത്തെ എല്ലാ സ്മാർട്ട് ഫോണുകളിലും ടെലികോം ഡിപ്പാർട്ട്മെന്റിന്റെ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. പൗരന്മാരെ നിരീക്ഷിക്കാനുള്ള സർക്കാരിന്റെ തന്ത്രമെന്ന് കെ.സി. വേണുഗോപാൽ. മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമെന്ന് സി.പി.എം. എന്നാൽ, ആപ്പ് നിർബന്ധമല്ലെന്നും താത്പര്യമില്ലാത്തവർക്ക് ഡിലീറ്റ് ചെയ്യാമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
ഫോൺ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഈ ആപ്പ് എന്നും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും മന്ത്രി വിശദീകരിച്ചു. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐ.എം.ഇ.ഐ. നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണ് സഞ്ചാർ സാഥി എന്നാണ് സർക്കാർ വിശദീകരണം.