സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാൻ്റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചത് ഗുരുതര വീഴ്ച്ചയെന്ന് സാൻ്റൻ ആരോപിച്ചു. പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് നിന്നാണ് സൂരജ് ലാമയുടെതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചതെന്നും ഇത്തരം ഒഴിഞ്ഞ സ്ഥലങ്ങളില്‍ എത്ര മൃതശരീരങ്ങള്‍ കിടപ്പുണ്ടാകുമെന്നും ഹൈക്കോടതിയും വിമർശിച്ചു.

സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഇന്നലെയാണ് കളമശ്ശേരി എച്ച്എംടിക്കെതിർവശത്തെ ചതുപ്പിൽ നിന്നും ലഭിച്ചത്. ഇക്കാര്യം പൊലീസ് അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ മകൻ സാൻ്റൻ ലാമ കൊച്ചിയിൽ എത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി വിശദാംശങ്ങളറിഞ്ഞ ശേഷമാണ് മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങൾ സാൻ്റൻ ലാമ ഉന്നയിച്ചത്. ആശുപത്രി രേഖകളിൽ ആദ്യം അജ്ഞാതൻ എന്നത് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ സൂരജ് ലാമ എന്ന് മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ ആശുപത്രി അധികൃതർ പോകാൻ അനുവദിച്ചെന്നും സാൻ്റൻ ആരോപിച്ചു.

സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായും പരിശോധനകൾ നടക്കുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ച ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ജുഡീഷൽ സിറ്റി വരാൻ പോകുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. നഗരത്തിൽ നിരീക്ഷണമില്ലാതെ എങ്ങനെ സ്ഥലം വെക്കുന്നു എന്ന് കോടതി ചോദിച്ചു. നാളെ ആരെങ്കിലും ഒരാളെ കൊന്ന് ഇവിടെ കൊണ്ടിട്ടാൽ എന്ത് പറയും? എത്ര മൃതശരീരങ്ങൾ അവിടെ കിടക്കുന്നുണ്ടാകും? പൊലീസിന്‍റെ മൂക്കിന്‍റെ തുമ്പത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കിട്ടിയ മൃതദേഹം സൂരജ് ലാമയുടേത് അല്ലെങ്കിൽ ആരുടേതാണെന്ന് അറിയണം. ഇക്കാര്യത്തിൽ പൊലീസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും വിഷയം വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിക്കൊണ്ട് കോടതി പറഞ്ഞു.

ഓഗസ്റ്റ് ആദ്യം കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ശേഷം കൊച്ചിയിൽ വിമാനമിറങ്ങുകയും കാണാതാകുകയും ചെയ്ത ബെംഗളുരു സ്വദേശിയാണ് സൂരജ് ലാമ. പിതാവിനെ കാണാതായ ശേഷം ഒന്നര മാസത്തോളം മകൻ പൊലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങിയിരുന്നു. ഹേബിയസ് ഹർജിക്കു പിന്നാലെ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. കണ്ടെത്തിയ മൃതദേഹത്തിന് ഒന്നര മാസത്തോളം പഴക്കമുണ്ട്.

ENGLISH SUMMARY:

Suren Lama, son of missing man Suraj Lama, has severely criticized Kalamassery Medical College after a body, suspected to be his father's, was found in a swamp near HMT. Suren accused the hospital authorities of gross negligence for allowing his mentally challenged father, who suffered memory loss after the Kuwait liquor tragedy, to leave the premises. Meanwhile, the Kerala High Court, upon being informed of the finding, heavily criticized the police, questioning how such an unmonitored area (near the upcoming Judicial City) could contain potentially multiple unidentified bodies "right under the nose of the police." The court ordered the police to submit a detailed report and fast-track procedures to confirm the identity, noting the body has been there for approximately 1.5 months.