തിരക്ക് കുറഞ്ഞ രണ്ട് ദിവസങ്ങൾക്ക് ശേഷം സന്നിധാനത്തേക്ക് കൂടുതൽ ഭക്തർ എത്തുന്നു. സ്വാഭാവികമായ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ഭക്തർക്ക് സുഗമമായി തൊഴുത് മടങ്ങാനാകുന്നുണ്ട്. അതേസമയം ഈ സീസണിൽ ഇതുവരെ ശബരിമലയിൽ എത്തിയവരുടെ എണ്ണം 13 ലക്ഷം കടന്നു.
നീണ്ട നിരയില്ലാത്ത നടപ്പന്തലും, തിരക്കില്ലാത്ത പതിനെട്ടാം പടിയുമൊക്കെയായിരുന്നു ഇന്നലത്തെ കാഴ്ചയെങ്കിൽ, ഇന്ന് പതിവ് തിരക്കിലാണ് സന്നിധാനം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തർ എത്തുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമാണ് കര്യങ്ങൾ. പ്രയാസങ്ങളേതുമില്ലാതെ ദർശനം സാധ്യമാകുന്നുണ്ട്. സിവിൽ ക്യൂവിലൂടെ വന്ന് പല തവണ ദർശനം നടത്തുന്ന ഭക്തരുമുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് സന്നിധാനത്തേക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി എത്തിയിരുന്നതെങ്കിൽ മലയാളികളുടെ എണ്ണവും കൂടുന്നുണ്ട്. അതേസമയം, സ്പോട്ട് ബുക്കിങ്ങിലും പമ്പയിൽ നിന്നും ഭക്തരെ കടത്തി വിടുന്നതിലുമടക്കം നിയന്ത്രണങ്ങൾ പഴയ പടി തുടരുന്നുണ്ട്.